ഹവാല, കള്ളക്കടത്ത് എന്നിവയൊക്കെ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. വിഷയം വീണ്ടും സജീവമായ സ്ഥിതിക്ക് ചില വസ്തുതകള്‍ വീണ്ടും രേഖപ്പെടുത്തട്ടെ. എങ്ങിനെയാണ് ഹവാല ഇടപാട് നടക്കുന്നത് എന്ന് അറിയാത്തവര്‍ക്ക് വേണ്ടിയും, അറിഞ്ഞിട്ടും, അറിയില്ല എന്ന് നടിക്കുന്നവര്‍ക്കും.
ഗള്‍ഫില്‍ ബിസിനസ്സുള്ള 99% ആളുകളും, പെട്ടിക്കടക്കാര്‍ മുതല്‍ കോടീശ്വരന്മാര് വരെ മൂലധനം ഉണ്ടാക്കിയത് ഹവാലയിലൂടെയാണ്. കാരണം, നേരായ മാര്‍ഗ്ഗത്തിലൂടെ മൂലധനമിറക്കാന്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പണം അയക്കാന്‍ ഒക്കില്ല. മാത്രമല്ല, പരമദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്നവരാണ് ഒരു സുപ്രഭാതത്തില്‍ കോടികളുടെ ആസ്തിയുമായി മുന്നില്‍ നില്‍ക്കുന്നത്. അതിന് തുണയായത് ഹവാലക്കാര്‍ ആണ്. മൂലധനത്തിന് രണ്ടു മാര്‍ഗ്ഗങ്ങള്‍ ബിസിനസ്സുകാര്‍ ഉപയോഗിക്കുന്നു. ഒന്നുകില്‍ , വീടും പറമ്പും, വീട്ടിലുള്ള ആഭരണങ്ങളും വില്‍ക്കുക. അങ്ങിനെ ചെയ്യാന്‍ ബഹുഭൂരിപക്ഷത്തിനും കഴിയില്ല. അവര്‍ നാട്ടിലുള്ള കള്ളപ്പണക്കാരില്‍ നിന്നും പണം സ്വരൂപിക്കും. ഇതു ചെയ്യുന്നത് ഹവാലക്കാര്‍ വഴി ആണ്. അങ്ങിനെ സ്വരൂപിക്കുന്ന പണമാണ് ഹവാലക്കാര്‍ ഉപയോഗിക്കുന്നത്. ഗള്‍ഫില്‍ നിന്ന് പണം അയക്കുന്നവരില്‍ നിന്ന് ഹവാലക്കാര്‍ ബാങ്കിലേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് കറന്‍സി വാങ്ങുന്നു. തുല്യമായ തുക ഇന്ത്യന്‍ രൂപയില്‍ ഏജന്റ്റ് വഴി വീട്ടില്‍ എത്തിക്കുന്നു . അങ്ങിനെ ഗള്‍ഫില്‍ കിട്ടുന്ന പണം അവര്‍ ഗള്‍ഫില്‍ മൂലധനം ആവശ്യമുള്ള കച്ചവടക്കാര്‍ക്ക് മറിച്ചു വില്‍ക്കുന്നു. അങ്ങിനെ, അവരില്‍ നിന്നും, നാട്ടില്‍ ഇടപാടുകാര്‍ക്ക് കൊടുക്കുന്നതില്‍ നിന്നും, അങ്ങിനെ രണ്ടു കൂട്ടരില്‍ നിന്നും ഹവാലക്കാര്‍ ലാഭം ഉണ്ടാക്കുന്നു. അതിനിടയില്‍ , ഗള്‍ഫില്‍ ആവശ്യക്കാര്‍ കുറഞ്ഞപ്പോള്‍ ഹവാലക്കാര്‍ പുതിയ സ്കീമുകള്‍ തുടങ്ങിയിരുന്നു. അതായത്, നാട്ടില്‍ പണമയക്കേണ്ടവര്‍ക്ക് തവണ വ്യവസ്ഥയില്‍ കൊടുക്കുന്ന സ്കീം. അതായത്, തുക രണ്ടോ, മൂന്നോ തവണകളായി അടച്ച് തീര്‍ത്താല്‍ മതി. അതുമല്ല, താമസ സ്ഥലത്ത് വന്നു വാങ്ങിക്കൊള്ളും. ബാങ്കില്‍ പോകാനും മറ്റും ലീവെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇതു വലിയ ഉപകാരമായിരുന്നു.
നാട്ടിലുള്ള കള്ളപ്പണം അങ്ങിനെ വെളുപ്പിക്കുന്നു. കള്ളപ്പണം കൊടുക്കുന്നവര്‍ക്ക് ഗള്‍ഫിലെ ബിസിനസ്സില്‍ പങ്കാളിത്തം നല്‍കുകയോ, ലാഭവിഹിതം കൊടുക്കുകയോ ചെയ്യും. അതിന് അവരുടെ ഏതെങ്കിലും ബന്ധുവോ, ബിനാമിയോ ഗള്‍ഫില്‍ എത്തണം. അയാളുടെ വരുമാനം എന്ന വ്യാജേന ബാങ്ക് വഴി ലാഭവിഹിതം വെള്ളപ്പണമായി ഇവിടെ എത്തും. കിമ്പളം കിട്ടുന്ന ഉദ്യോഗസ്ഥര്‍ , നികുതി വെട്ടിക്കുന്ന ബിസിനസ്സുകാര്‍ , അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ എന്നിവരൊക്കെ ഇങ്ങിനെ ഗള്‍ഫില്‍ പണം മുടക്കി ഹവാലയുടെ കണ്ണിയാകുന്നു. ഇവരിലധികം പേരും നിരവധി തവണ ഗള്‍ഫ് സന്ദര്‍ശിക്കുന്നതായി കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ , ആര് . ടി. ഒ ഉദ്യോഗസ്ഥര്‍ , മറ്റു കിമ്പളക്കാര്‍ , രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെയൊക്കെ പാസ്സ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇങ്ങിനെ ഹവാല വ്യാപകമായ കണ്ണികളുള്ള ഒരു വ്യവസായമായി വളര്‍ന്ന് പന്തലിച്ചു.
ഗള്‍ഫിലും, ഇന്ത്യയിലും വന്‍കിട ബിസിനസ്സുള്ള പലരും ഇങ്ങിനെ പണം വെളിപ്പിക്കുന്നതില്‍ കണ്ണികളാണ്. പലരും ഇടനിലക്കാരെ ഒഴിവാക്കി സ്വന്തമായാണ് ഹവാല ഇടപാട് നടത്തുന്നത്. നാട്ടില്‍ നികുതി വെട്ടിച്ചുണ്ടാക്കിയ പണം വെളുപ്പിക്കാന്‍.. കസ്റ്റമറില്‍ നിന്നും ഗള്‍ഫില്‍ പണം വാങ്ങുന്നു. പകരം നാട്ടിലെ കള്ളപ്പണം അവരുടെ വീട്ടില്‍ എത്തിക്കുന്നു. ഇങ്ങിനെ ഗള്‍ഫില്‍ കിട്ടുന്ന പണം ഒന്നുകില്‍ അവിടെ നിക്ഷേപിക്കുകയോ, അല്ലെങ്കില്‍ ബാങ്ക് വഴി നാട്ടിലയച്ച് നികുതി വെട്ടിപ്പിലൂടെ സമ്പാദിച്ച പണം വെളുപ്പിക്കുകയോ ചെയ്യുന്നു. ഇതൊക്കെ അറിയുന്ന അധികാരികള്‍ കണ്ണടക്കുന്നു. കാരണം, അവരുടെ ഏത് ആവശ്യവും ഇവര്‍ നിറവേറ്റുന്നു. അതിനാല്‍ , അവര്‍ക്ക് പരമോന്നത ബഹുമതി തന്നെ കിട്ടുവാന്‍ ഇടയാകുന്നു. ചിലരെങ്കിലും, പണം മുടക്കി രാഷ്ട്രീയത്തില്‍ ചേക്കേറുന്നു.
ഗള്‍ഫില്‍ സര്‍ക്കാര്‍ ജോലിയോ, തദ്ദേശീയര്‍ ഗാരണ്ടി നില്‍ക്കുകയോ ചെയ്തില്ലെങ്കില്‍ ബാങ്കുകള്‍ ചില്ലിക്കാശ് വായ്പ നല്‍കില്ല. പിന്നെ, അരക്കാശില്ലാതെ എങ്ങിനെയാണ് താഴ്ന്ന വരുമാനക്കാര്‍ വരെ ഗള്‍ഫില്‍ ബിസിനസ് തുടങ്ങിയത് എന്ന് അന്വേഷിക്കുമ്പോള്‍ കള്ളി വെളിച്ചത്താകും.
ഹവലാക്കാര്‍ക്ക് പല തരത്തില്‍ ഇതു വഴി ലാഭം കിട്ടും. വി.പി. സിംഗ് സ്വര്‍ണ്ണ ഇറക്കുമതി നയത്തില്‍ മാറ്റം വരുത്തിയതോടെ സ്വര്‍ണ്ണ കള്ളക്കടത്ത് നിലക്കുകയും അവരുടെ ആ വഴിക്കുള്ള വരുമാനം നിലക്കുകയും ചെയ്തു. എന്നാല്‍ , പുതിയ സര്‍ക്കാര്‍ നയം മൂലം കള്ളക്കടത്ത് വീണ്ടും സജീവമായിരിക്കുന്നു. അവരുടെ സ്വാധീനം മൂലമാണ് സര്‍ക്കാര്‍ നയം മാറ്റിയത് എന്നുവരെ കേള്‍വിയുണ്ട്.
കേരളത്തിലും, ഗള്‍ഫ് നാടുകളിലും സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ച് പൊങ്ങുകയാണ്. വര്‍ഷം പ്രതി നിരവധി ഔട്ട്ലെറ്റുകള് തുടങ്ങാന്‍ മാത്രം ലാഭം കിട്ടുന്ന ഒരു സംരംഭമാണോ സ്വര്‍ണ്ണക്കച്ചവടം എന്ന് ചോദിച്ചാല്‍ അല്ലാ, എന്നാണ് ഉത്തരം. പിന്നെങ്ങിനെ ഓരോ കടക്കാരും വര്‍ഷം പ്രതി നിരവധി ശാഖകള്‍ മത്സരിച്ച് തുടങ്ങുന്നു? അതെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് കള്ളത്തരങ്ങള്‍ വെളിച്ചത്താകുക. ഒന്നാമതായി, 24/22 കാരറ്റ് സ്വര്‍ണം എന്ന് പറഞ്ഞു കൊടുക്കുന്ന ഉരുപ്പടി ഒന്നും തന്നെ അതെ മൂല്യമുള്ളതല്ല. രണ്ടാമതായി, അവര്‍ ശേഖരിക്കുന്ന സ്വര്‍ണം നികുതി വെട്ടിച്ച് കള്ളക്കടത്ത് വഴി വരുന്നതാണ്. മൂന്നാമതായി, കസ്റ്റമറും ഇവരും തമ്മിലുള്ള ഒത്തുകളിയില്‍ പകുതി ഇടപാടിലും ബില്‍ കൊടുക്കുന്നില്ല. നാലാമതായി, തുച്ഛമായ പണിക്കൂലിയില്‍ പണിയുന്ന ആഭരണം അമിതമായ പണിക്കൂലിയില്‍ വില്‍ക്കുന്നു. അഞ്ചാമതായി, സ്വര്‍ണ്ണ സമ്പാദ്യം മുതലായ സ്കീമുകളില്‍ ഉപഭോക്താക്കളെ ചേര്‍ത്ത് അവരുടെ തന്നെ പണം കൊണ്ടാണ് വ്യാപാരികള്‍ കച്ചവടം നടത്തുന്നത്. ഇതൊക്കെക്കൊണ്ടാണ് അവര്‍ അമിതലാഭം ഉണ്ടാക്കുകയും, തഴച്ച് വളരുകയും ചെയ്യുന്നത്. ഇതൊക്കെ പരിശോധിക്കാന്‍ ശരിയായ സംവിധാനങ്ങള്‍ നാട്ടിലുണ്ട്. അതൊക്കെ കണ്ണടക്കുന്നു. സ്വര്‍ണ്ണ വ്യാപാരികളില്‍ ബഹുഭൂരിപക്ഷവും കുറച്ച് കാലം മുന്‍പ് വളരെ താഴ്ന്ന നിലയില്‍ ജീവിച്ചവരായിരുന്നു . എങ്ങിനെയാണ് അവരുടെ കയ്യില്‍ അലാവുദ്ദീന്റെ അത്ഭുത വിളക്ക് വന്നു ചേര്‍ന്നത്? അത്രമാത്രം ലാഭം കൊയ്യാവുന്നതാണോ വ്യാപാരം?
ഇതൊക്കെ സുഗമമായി നടക്കുന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധം മൂലമാണ്. ഇങ്ങിനെ വഴിവിട്ടു സമ്പാദിക്കുന്നതില്‍ ഒരു പങ്ക് രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും കൈപറ്റുന്നു. കോഴിക്കോട്ടും, നെടുമ്പാശ്ശേരിയിലും ലീഗിന്റെയും, നെടുമ്പാശ്ശേരിയിലും, തിരുവനന്തപുരത്തും കോണ്‍ഗ്രസ്സിന്റെയും നേതാക്കള്‍ ഇതിനു വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നു. ഈയിടെ പാസ്പോര്‍ട്ട് ഓഫീസടക്കം ഇത്തരം വഴിവിട്ട പ്രവര്‍ത്തനത്തിന് കൂട്ട് നിന്നത് കണ്ടതാണല്ലോ. അതുപോലെ, ചില വന്‍കിടക്കാര്‍ക്ക് ചെന്നൈ, മുംബൈ, ഡല്‍ഹി എന്നീ എയര്പോര് ട്ടുകളിലും പിടിപാടുണ്ട്. തമിഴ് നാട്ടിലെയും, കര്‍ണാടാകത്തിലെയും ഉന്നത രാഷ്ട്രീയക്കാര്‍ക്ക് ഗള്‍ഫില്‍ വ്യാപാരബന്ധമുണ്ട്.
ഇപ്പോള്‍ പുറത്ത് വന്നത് നെടുമ്പാശ്ശേരിയിലെ കാര്യം മാത്രമാണ്. കോഴിക്കോടും, തിരുവനന്തപുരവും, ചെന്നൈയും വരാന്‍ ഇരിക്കുന്നതെയുള്ളൂ. അതിനിടക്ക് കേസ് തേച്ച് മാച്ച് കളഞ്ഞില്ലെങ്കില്‍ അതും നമുക്ക് കേള്‍ക്കാം. അപ്പോള്‍ , ലീഗിന്റെയും മറ്റും കളി വെളിച്ചത്താകും.
മലബാറില്‍ കൊച്ചു കുട്ടികള്‍ക്കടക്കം അറിയാം വേങ്ങര, കൊടുവള്ളി, കാസര്‍ക്കോട് എന്നീ സ്ഥലങ്ങളൊക്കെ കള്ളക്കടത്ത്, ഹവാല ഇടപാടുകലുടെ കേന്ദ്രങ്ങളാണെന്ന് . ഇതില്‍ ഇടപെടുന്നവര്‍ ഗള്‍ഫില്‍ പോയി ആറു മാസത്തിനകം കോടീശ്വരന്മാര് ആകുന്നതും കോടികള്‍ മുടക്കി മണിമന്ദിരങ്ങള്‍ പണിയുന്നതും, കോടികള്‍ വിലയുള്ള ചലിക്കുന്ന കൊട്ടാരങ്ങളില്‍ ചെത്തി നടക്കുന്നതും പകല്‍ വെളിച്ചത്തിലാണ്. അവര്‍ക്ക് ഗള്‍ഫില്‍ ഒരു ചെറിയ പെട്ടിക്കടയോ മറ്റോ പേരിന് മാത്രമേ കാണൂ . ഇതൊക്കെ നമ്മുടെ കണ്മുന്പില് നടക്കുന്നു. കൂടാതെ, ഹവാല ഇടപാടും, കള്ളനോട്ടു വ്യാപാരവും, മനുഷ്യക്കടത്തും, മയക്കു മരുന്ന് ഇടപാടും നടക്കുന്നു. പക്ഷെ, അന്വേഷിക്കേണ്ടവര്‍ കണ്ണ് ചിമ്മുന്നു. അവര്‍ക്ക് നോട്ടം നൂറു രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ പ്യൂണിനെയാണ്.
ഗള്‍ഫിന്റെ മറവിലാണ് നാട്ടില്‍ ഇത്തരം അഴിമതികള്‍ നടക്കുന്നത്. നാട്ടില്‍ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പേരിന് ഒരു തവണ ഗള്‍ഫില്‍ പോയിരിക്കും. അവര്‍ ഇവിടെ ചിലവഴിക്കുന്ന പണം ഗള്‍ഫില്‍ നിന്ന് സമ്പാദിച്ചത് ആണെന്ന് വരുത്തുന്നു. ഇതൊക്കെ അന്വേഷിക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടെങ്കിലെ നിയമം കൊണ്ട് കാര്യമുള്ളൂ. ഇവിടെ ആര്‍ഭാഡം കാണിക്കുന്നവരുടെ വരുമാന സ്രോതസ്സ് ഗള്‍ഫില്‍ അന്വേഷിക്കാന്‍ വ്യവസ്ഥ വേണം. എങ്കില്‍ , ഹവാലക്കാര്‍ക്കും മറ്റും ഇങ്ങിനെ വിലസി നടക്കാന്‍ കഴിയില്ല. ഇത് തെന്നിന്ത്യന്‍ കഥ. വടക്കേ ഇന്ത്യയിലെ വമ്പന്‍ സ്രാവുകള്‍ക്ക് യൂറോപ്പും, അമേരിക്കയുമാണ് പ്രിയം.
ഇപ്പോള്‍ , പിടിച്ചിരിക്കുന്ന സ്വര്‍ണ്ണം കടത്തിയതിന്റെ ഒരംശം പോലും വരില്ല. കാരണം, അബദ്ധവശാല്‍ ഏല്പിച്ച് ഉറപ്പിച്ച ഉദ്യോഗസ്ഥന് ഡ്യൂട്ടിയില്‍ ഇല്ലാതിരിക്കുമ്പോള്‍ പിടി വീഴുന്നവര്‍ മാത്രമാണിവര്‍ . അതായത്, സ്വന്തക്കാര് ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ എത്ര കടത്തി എന്നതിന് കണക്കുണ്ടോ ? മാത്രമല്ല, പരിശോധനയിലെ പാളിച്ചയും ഇവിടെ ചര്‍ച്ച ചെയ്യണം. പലരും പുറത്ത് കടന്ന ശേഷമോ, രഹസ്യ വിവരം മൂലമോ ആണ് പിടിക്കപ്പെടുന്നത്. അവിടെയാണ് പ്രശ്നം. ശരിയായ ചെക്കിംഗ് സംവിധാനം ഇല്ല. കുറ്റമറ്റ ചെക്കിംഗ് ആണ് ആവശ്യം. അതിനുള്ള സംവിധാനം ഒരുക്കണം. സ്വര്‍ണം മാത്രമല്ല, നിരോധിച്ച പല വസ്തുക്കളും ഇന്നത്തെ നിലയില്‍ കടത്താമല്ലോ. അത് ദേശസുരക്ഷയെ തന്നെ ബാധിക്കും. ദുബായി വഴിയാണ് തീവ്രവാദികള്‍ സ്പോടക വസ്തുക്കള്‍ കടത്തുന്നത് എന്നത് പരസ്യമായ രഹസ്യമാണല്ലോ. മാത്രമല്ല, ഗള്‍ഫ് ദാവൂദ് ഇബ്രാഹിം പോലുള്ള അധോലോക നായകരുടെ വിഹാരകേന്ദ്രമാണ്.
രഹസ്യ വിവരത്തിന്റെ രാഷ്ട്രീയവും പരിശോധിക്കണം. ലീഗുകാര്‍ കടത്തുമ്പോള്‍ കോണ്‍ഗ്രസ്സുകാരും, കോണ്ഗ്രസ്സുകാര് കടത്തുമ്പോള്‍ ലീഗുകാരും ആണ് ഒറ്റുകാര്‍ . ചുരുക്കമായേ മറ്റു ഒറ്റുകാര്‍ രംഗത്ത് കാണൂ. അത് പലപ്പോഴും കുടിപ്പകയും, ഇടപാടിലെ തര്‍ക്കവും മൂലവും ഉണ്ടാകുന്നതാണ്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഒത്തുകളിയും ഒറ്റിനു കാരണമാകാറുണ്ട്.
രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധം തുടരുന്നിടത്തോളം ഈ ഇടപാട് നിര്‍ത്തുക പ്രയാസം. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ഒരു റെയിഡ് നടന്നു. സ്ഥലത്തെ എസ്.ഐ. തന്നെയാണ് വിവരം ചോര്‍ത്തി നല്‍കിയത്. വിവരം കിട്ടാന്‍ വൈകിയതിനാല്‍ മറ്റെങ്ങും സ്വര്‍ണം ഒളിപ്പിക്കാന്‍ കഴിഞ്ഞില്ല. അവസാനം അടുത്തുള്ള പള്ളിയില്‍ ഒളിപ്പിച്ചു. രണ്ടായിരം കിലോ സ്വര്‍ണ്ണക്കട്ടികള്‍ . റൈഡിനു വന്നവര്‍ കയ്യും വീശി മടങ്ങി. അതാണ് നാട്ടിലെ സ്ഥിതി. അന്ന് ഇന്ത്യയിലെ ബുള്ളിയന്‍ മാര്‍ക്കെറ്റ് എന്നാണ് പ്രായേണ ഒരു അങ്ങാടി മാത്രമായ വേങ്ങര അറിയപ്പെട്ടിരുന്നത്. വ്യാപാരികള്‍ , ബ്രോഷറുകള്‍ അടക്കം ഈ രീതിയില്‍ ആണ് ഇറക്കിയിരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് അറിയാം, കള്ളക്കടത്ത് കേന്ദ്രങ്ങള്‍ . പക്ഷേ, പിടിക്കില്ല. നീതിബോധമുള്ള ഉദ്യോഗസ്ഥര്‍ പോലും അതിന് തുനിയില്ല. കാരണം, രാഷ്ട്രീയ ബന്ധം അവരുടെ ജീവിതം വഴിമുട്ടിക്കും.
അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ കേസും 'നിയമം നിയമത്തിന്റെ വഴിക്കെന്ന ' പൊതു തത്വത്തില്‍ മുങ്ങും. മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു ഫയാസിനെ ദുബായില്‍ കണ്ടിട്ടില്ല. സരിതയെ കണ്ടിട്ടില്ല, അറിയില്ല, വേദി പങ്കിട്ടിട്ടില്ല എന്ന് പണ്ട് പറഞ്ഞപോലെ. അതിനാല്‍ , നിയമം നിയമത്തിന്റെ വഴിക്കല്ല, നിയമം അതിന്റെ പാട്ടിനു പോകും..!