മാതൃഭൂമി കുടുംബത്തിലെ അംഗമായ ഗൃഹലക്ഷ്മി
മാസിക സംഘടിപ്പിക്കുന്ന മഹിള പാതിരാത്രിയിലെ പാതി
മാരത്തോണിനെ കുറിച്ചു പറയാതിരിക്കാന്‍ വയ്യ. ഈ അടുത്ത കാലം വരെ മാതൃഭൂമി
അതിന്‍റെ മുദ്രാവാക്യമായി കൊണ്ട് നടന്നിരുന്ന ഒരു വാചകം ഉണ്ടായിരുന്നു :
“പത്രത്തോടൊപ്പം ഒരു സംസ്കാരം” എന്ന്. ഇന്ന് അതില്‍ നിന്നും അവര്‍ വളരെയേറെ
“മുന്നോട്ടു” പോയി എന്നതിന്‍റെ ദൃഷ്ടാന്തമാണ് ഈ മാരത്തോണ്‍ എന്ന് തോന്നുന്നു. മാതൃഭൂമിയുടെ
മുന്‍കാല സാരഥികളില്‍ പ്രമുഖനായിരുന്ന കെ.പി.കേശവമേനോന്‍ ‘നാം മുന്നോട്ട്’ എന്നാണ്
കേരളത്തെ ഉല്‍ബോധനം ചെയ്തതെങ്കില്‍ അദ്ദേഹത്തിന്‍റെ പിന്‍തലമുറ നാം ‘പിറകോട്ട്’
എന്ന് പറയാനുള്ള ജാള്യത കാരണം നാം ‘മുകളിലേക്ക്’ എന്ന് പറഞ്ഞു നമ്മെ അനന്തമായ
വിഹായസിലേക്ക് വാണം വിട്ടു രസിക്കുക ആണെന്ന് തോന്നുന്നു.
ഇതിലെ കച്ചവട താല്പര്യം എന്താണ് എന്ന്
പകല്‍ പോലെ വ്യക്തമാണ്. മാറിയ സാഹചര്യത്തില്‍ മാതൃഭൂമിയുടെ പുതിയ സാരഥികളുടെ
രാഷ്ട്രീയ നിലപാടുകള്‍ ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്‍റെ നിഷ്പക്ഷ നിലപാടുകള്‍ വെറും മുഖംമൂടി മാത്രമാണ് എന്ന് വ്യക്തമായിരിക്കുന്നു. അതിനാല്‍, തൊട്ടടുത്ത
എതിരാളിയെ തോല്‍പ്പിക്കാന്‍ കുറുക്കു വഴികള്‍ തേടിയെ തീരൂ എന്ന അത്യന്ത്യം
അപലപനീയമായ മാര്‍ഗ്ഗത്തില്‍ ആണ് സ്ഥാപനം ഇപ്പോള്‍ ചലിക്കുന്നത് എന്ന് ചുരുക്കം.
അതിനു വേണ്ടി എന്ത് നെറികേടും കാണിക്കാം എന്നതിന്‍റെ ഉത്തമോദാഹരണം ആണ് ഈയിടെ അവര്‍
കൈക്കൊള്ളുന്ന സമൂഹ്യദ്രോഹ നിലപാടുകള്‍. ചുംബന സമരം, ഞാറ്റുവേല സമരം, എല്ലാരും
ആട്ണ് തുടങ്ങിയ സമൂഹ വിരുദ്ധ പരിപാടികളില്‍ ഒക്കെ അവര്‍ സ്വീകരിച്ച നൂതന
നിലപാടുകള്‍ കണ്ടു മലയാളി ഞെട്ടിയത് അത് കൊണ്ടാണ്. അവരുടെ ചാനല്‍ , പത്രം, വാരിക
തുടങ്ങി എല്ലാ പ്രസിദ്ധീകരണങ്ങളും അതിനു സര്‍വ്വ പിന്തുണയും നല്‍കി നമ്മുടെ
പൊതുബോധത്തെ കൊഞ്ഞനം കുത്തുന്ന കാഴ്ചയാണ്
സമീപകാല കേരളം കണ്ടത്. ഇങ്ങിനെ മാറി ചിന്തിക്കാന്‍ എന്തുണ്ടായി? മാതൃഭൂമിയുടെ
സാരഥികള്‍ മാറിയോ? അവരില്‍ രാഷ്ട്രീയ നിലപാടുകള്‍ മാറിയോ? ഒന്നും ഉണ്ടായില്ല.
പിന്നെന്താണ് ഇന്നലെ വരെ പറഞ്ഞ മൂല്യങ്ങളെ തള്ളി പറയുന്നത്? അതിനു ഒരുത്തരമേ
ഉള്ളൂ. മേഖലയില്‍ ഒന്നാമതെത്താന്‍ എന്ത് നെറികേടും കാണിക്കുക. തങ്ങള്‍ ഇന്നലെ വരെ സ്വീകരിച്ച
നിലപാടുകളുടെ മേല്‍ വിസര്‍ജ്ജനം നടത്തി മേനി നടിക്കുക. അപലപനീയം എന്ന ഒറ്റവാക്കില്‍
വ്യാഖ്യാനിക്കാവുന്ന പാതകമല്ല ഈ കടുംകൈ. കാരണം, ഇതിന്‍റെ പ്രത്യാഘാതങ്ങള്‍
മാതൃഭൂമിയെ മാത്രം ബാധിക്കുന്നതല്ല. അതിനു കൃത്യമായ അജണ്ടയും, സാമൂഹിക അട്ടിമറിയും ഉണ്ട്.
എന്താണ് പാതിരാത്രി പാച്ചിലിന്‍റെ പൊരുള്‍?
അവര്‍ മുന്നോട്ട് വെക്കുന്ന ആശയം, അവര്‍ തന്നെ വ്യക്തമാക്കുന്നത് ഇങ്ങിനെ :
“ഇന്നത്തെ യുവതികള്‍ സ്വതന്ത്രരും, നിര്‍ഭയരും ആയിരിക്കണം. അവരുടെ
സ്വാതന്ത്ര്യവും, നിര്‍ഭയത്വവും പ്രകടിപ്പിക്കാന്‍ ഒരു അവസരം കൊടുക്കുക. സ്ത്രീ
ആയതിനെ ആഘോഷിക്കുക”.
സാമാന്യ യുക്തിക്ക് നേരെ കൊഞ്ഞനം കുത്തുന്ന
ഈ തലതിരിഞ്ഞ ആശയം ആരുടെ കുബുദ്ധിയില്‍ ഉദിച്ച വേദാന്തമാണ് എന്ന് അറിയില്ല. പക്ഷെ, മേല്‍പ്പറഞ്ഞ
കച്ചവട തന്ത്രത്തിനും പുറമേ, ഇതിനൊരു രാഷ്ട്രീയം ഉണ്ട്. അല്ലാതെ ഇതൊരു സ്വബോധം
ഇല്ലാത്ത ആരുടെയോ വികൃതിയാണ് എന്ന് തെറ്റിദ്ധരിക്കുന്നതാണ് അബദ്ധം. മോഡി സര്‍ക്കാര്‍
അധികാരത്തില്‍ വന്ന മുതല്‍ അസഹിഷ്ണുതയുമായി
നടക്കുന്ന ഒരു കൂട്ടര്‍ വിചിത്രമായ ഒരു മുദ്രാവാക്യവുമായി മുന്നോട്ട്
വന്നു. തങ്ങള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത മൂടി വെച്ചുകൊണ്ട് മോഡി സര്‍ക്കാരിന് “അസഹിഷ്ണുത”
എന്നതായിരുന്നു ആ മുദ്രാവാക്യം. ഭ്രാന്തന്മാര്‍ മറ്റുള്ളവരില്‍ ഭ്രാന്ത്
ആരോപിക്കുന്ന പോലെ ഉള്ള ഒരു മാനസിക അവസ്ഥ
എന്ന് വേണം ഇതിനെ വിശേഷിപ്പിക്കാന്‍. സര്‍ക്കാര്‍ നയം അല്ലാത്ത, അല്ലെങ്കില്‍ സര്‍ക്കാര്‍
നയത്തില്‍ സ്വാധീനം ചെലുത്താന്‍ സാധ്യത ഇല്ലാത്ത ചിലരുടെ വ്യക്തിപരമായ
അഭിപ്രായങ്ങളെ ആണ് അതിനു ഉപോല്‍ബലകമായി അവര്‍ ഉയര്‍ത്തി കാട്ടിയത്. സത്യത്തില്‍
അസഹിഷ്ണുത അവര്‍ക്ക് തന്നെയായിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് അവാര്‍ഡ് തിരിച്ചേല്‍പ്പിക്കലും,
നിരന്തരമായ അകാരണമായ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളും. രാജ്യം കുട്ടിച്ചോര്‍ ആക്കി
കട്ട് മുടിച്ച പാര്‍ട്ടികള്‍ വികസനത്തിന് വേണ്ടി വിദേശ രാജ്യങ്ങളില്‍ അഭ്യര്‍ത്ഥനയുമായി
മോദിജി പ്രയാണം നടത്തിയതിനെ വരെ വിമര്‍ശിച്ചു. എന്ത് നേട്ടം ഉണ്ടായി എന്ന്
എണ്ണിയെണ്ണി ബോധ്യപ്പെടുത്തിയിട്ടും ശങ്ക തീരാതെ അവര്‍ ശൌച്യാലയങ്ങളില്‍
സ്ഥിരതാമസം ആക്കി. അവിടെ വിളമ്പിയത് പൊതുമാധ്യത്തില്‍ എറിഞ്ഞു കളിച്ചു! മോഡിക്ക്
മറ്റു രാജ്യങ്ങളില്‍ സഹായവും അഭ്യര്‍ഥിച്ചു കൊണ്ട് പോകേണ്ടി വന്ന ഗതികേട്
ഉണ്ടാക്കിയത് നാളിത് വരെ ഇവിടെ ഭരിച്ചു കുളം തോണ്ടിയ, കട്ട് മുടിച്ച പ്രതിപക്ഷം
ആണെന്ന സത്യം അവര്‍ ബോധപൂര്‍വ്വം മറച്ചു വെക്കുന്നു. ഈയിടെ, ആയി ഭാരതീയ
സംസ്കാരത്തെ ബാധിക്കുന്ന എന്തിനെയും എതിര്‍ക്കുന്ന ഒരു നൂതന പ്രവണത ഇതിന്‍റെ
ഭാഗമായി വളര്‍ന്നു വന്നിരിക്കുന്നു. അതാണ് പുരോഗമനം എന്ന് കമ്യൂണിസ്റ്റുകാര്‍
ഉത്ഭവം മുതല്‍ പറഞ്ഞു പരത്തിയിരുന്ന മിഥ്യാധാരണകളെ വീണ്ടും പുനര്‍ജ്ജീവിപ്പിച്ചു
സജീവമായി നിര്‍ത്താന്‍ ചിലര്‍ അശ്രാന്ത പരിശ്രമം നടത്തുന്നു. ഇതിന്‍റെ ഭാഗമായി
വേണം ‘പാതിരപാച്ചിലിനെ’ കാണാ ന്‍. ഏവര്ക്കം
കുതിര കയറാനുള്ള ഒരു സംസ്കാരമായി ഭാരതീയ സംസ്കാരം മാറരുത്. തെരുവില്‍ കെട്ടിയിട്ട
ചെണ്ട ആകരുത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആണ് ഇവര്‍ എതിര്‍ക്കുന്നത്
എങ്കില്‍, എവിടെ പോയിരുന്നു ഫാറൂഖ് കോളേജ് പ്രശ്നം വന്നപ്പോള്‍? എവിടെ പോയിരുന്നു
പര്‍ദ്ദ വിവാദം ഉണ്ടായപ്പോള്‍? എവിടെയായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതവല്‍ക്കരണം
നടന്നപ്പോള്‍?
ഏറെ വിചിത്രം, ഈ അരാജക നാടകത്തിനു
കേരളത്തിലെ ഒട്ടു മിക്ക സര്‍ക്കാര്‍ വകുപ്പുകളും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു
എന്നതാണ്. പി.ഡബ്ളി.യു.ഡി., പോലീസ്, കെ.എസ.ഇ.ബി., കൊച്ചി മെട്രോ, ട്രാഫിക്ക്
ഡിപ്പാര്‍ട്ട്മെന്‍റ് , ജി.സി.ഡി.എ., സ്പോര്‍ട്ട്സ് കൌണ്‍സില്‍, ഇന്‍ഫോപാര്‍ക്ക് മുതലായവരൊക്കെ
ഈ പരിപാടിയുടെ മഹത്വം തിരിച്ചറിഞ്ഞു നമ്മെ അമ്പരിപ്പിക്കുന്നു! അതിലേറെ വിചിത്രം
ഒട്ടേറെ പ്രശസ്തരായ വ്യക്തികള്‍ ഈ വിചിത്ര മുദ്രാവാക്യം ഏറ്റെടുത്തിരിക്കുന്നു.
അവരെ നമുക്ക് വെറുതെ വിടാം. ഒരു പക്ഷെ, മാത്രുഭൂമിയുമായുള്ള പിണക്കം അവരുടെ
തൊഴിലിനെ ബാധിക്കുന്നത് കൊണ്ടാകും ഈ ഇരട്ടത്താപ്പ്. അല്ലെങ്കില്‍, എത്ര പേര്‍
ആത്മാര്‍ഥമായി ഈ പാതിരാപാച്ചിലിനെ അനുകൂലിക്കും?
എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്?
സ്ത്രീക്ക് രാവും, പകലും സ്വതന്ത്രമായി നടക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാകണം. അതിനു
ആരാണ് എതിര്? ഇവിടെയുള്ള സകലമാന പുരുഷസമൂഹം ആണോ? അതോ, ഏതാനും ചില സദാചാര പോലീസും, സാമൂഹ്യ
വിരുദ്ധരും ആണോ? ഒരു ജനാധിപത്യ സംവിധാനത്തില്‍ പൊതുജനം തങ്ങളുടെ പ്രതിഷേധം പല
വിധത്തില്‍ പ്രകടിപ്പിക്കുന്നത് സര്‍ക്കാരിന് എതിരെ ആണ്. അധികാര സ്ഥാപനങ്ങള്‍ക്ക്
എതിരെ ആണ്. ഇവിടെ അതിനൊന്നും മുതിരാതെ ഇതാ ഇവിടെ ചിലര്‍ സാമൂഹ്യ വിരുദ്ധരോട് സമരം
പ്രഖ്യാപിച്ചിരിക്കുന്നു. ഒന്നുകില്‍ ഈ സാമൂഹ്യ വിരുദ്ധര്‍ ആയുധം താഴെ വെച്ച് കീഴടങ്ങി
നല്ല പിള്ളേര്‍ ആയി വെള്ളക്കൊടി പാറിക്കും! എല്ലാ ദുശ്ശീലങ്ങളും ഈ സമരം
കഴിയുന്നപോലെ മാറ്റി വെക്കും. നേരം
ഇരുട്ടും മുന്‍പേ എല്ലാ സമൂഹ വിരുദ്ധരും വീടണയും. രാത്രിയില്‍ മോഷണം നടത്താന്‍
പോകുന്നവര്‍ പോലും, ഷിഫ്റ്റ് മാറ്റം ഉണ്ടാക്കി പരിപാടി പട്ടാപ്പകല്‍ ആക്കും .
ഒരൊറ്റ ഓട്ടം കൊണ്ട് സര്‍വ്വ ദുര്‍ഗുണനിവാരണ ശാലകളും അടച്ചു പൂട്ടേണ്ടി വരും.
ജയിലുകളില്‍ അന്തേവാസികളെ കിട്ടാതെ ആകും. ജയിലുകളുടെ എണ്ണം കുറയും. അത് വഴി
കുറ്റവാളികള്‍ക്ക് മുന്തിയ പരിഗണന കിട്ടും. പാതിരാത്രിയില്‍ വിവസ്ത്രയായി
പോലും ഏതെങ്കിലും സ്ത്രീ പൊതു ഇടങ്ങളില്‍
പ്രത്യക്ഷപ്പെട്ടാല്‍ തിരിഞ്ഞു നോക്കാതെ ഇവര്‍
നടന്നു കളയും. അല്ലെങ്കില്‍, വീട്ടില്‍ പോയി പെങ്ങളുടെയോ, അമ്മയുടെയോ തുണി ഉരിഞ്ഞു
കൊണ്ട് വന്നു ഇവരെ പുതപ്പിക്കും. അങ്ങിനെ നന്നായില്ല എങ്കില്‍ അവര്‍ സമരക്കാരെ ചര്‍ച്ചക്ക്
വിളിക്കും! അങ്ങിനെ കേരളം “നിരക്ഷരവിമുക്ത കേരളം” “മാലിന്യ മുക്ത കേരളം” “മതേതര
കേരളം”, “സമ്പൂര്‍ണ്ണ ആരോഗ്യ കേരളം”, ‘രാഷ്ട്രീയ കൊലപാതക മുക്ത കേരളം” “സാമൂഹ്യ
വിരുദ്ധ വിമുക്ത കേരളം” എന്നിവ ആയപോലെ ആകും.
അതാണ് സമരക്കാര്‍ കാണുന്ന കിനാശ്ശേരി. കുറ്റം പറയരുതല്ലോ. ഇത്രയും മഹത്തായ
സാമൂഹ്യ വിപ്ലവം സൃഷ്ടിക്കാന്‍ ഇവര്‍ക്കല്ലാതെ
മറ്റാര്‍ക്കാണ് കഴിയുക? കേരള പോലീസ്, നാളിത് വരെ ശ്രമിച്ചിട്ട് ഈ മഹത്തായ
നേട്ടം ഉണ്ടാക്കാന്‍ പറ്റിയോ? റിട്ടയര്‍ ചെയ്ത, ജോലിയിലുള്ള ഏതു പോലീസ്
മേധാവിക്കും, വകുപ്പ് മന്ത്രിക്കും തോന്നിപ്പോകും ഈ ബുദ്ധി തനിക്ക് നേരത്തെ തോന്നാതിരുന്നത്
എന്തെ എന്ന്! അപാരം എന്നോ, അഭൂതപൂര്‍വ്വം എന്നോ, അതിവിപ്ലവം എന്നോ ഈ മഹത് സംരഭത്തെ
വിശേഷിപ്പിക്കേണ്ടത്. എന്തായാലും, ധീരതക്കുള്ള അവാര്‍ഡ് സംഘാടകര്‍ക്ക് തന്നെ
കൊടുക്കണം. ഒരു പക്ഷെ, ഈ കക്ഷികള്‍ അടുത്ത തിരഞ്ഞെടുപ്പിന് മത്സരിച്ചാല്‍
മുഖ്യമന്ത്രി ആകുന്നത് ഇവരില്‍ വലിയ ഓട്ടക്കാരി തന്നെ ആകില്ല എന്നതിന് എന്താണ്
സംശയം!
എവിടെക്കാണ് ഓടുന്നത് എന്നൊന്നും
ചോദിക്കരുത്. എന്തിനാണ് എന്നും ചോദിക്കരുത്. പാതിരാത്രി എക്കാലത്തും, എല്ലായിടത്തും
സുഖസുഷുപ്തിക്ക് ഉള്ള സമയമാണ്.അത് പ്രകൃതി നിയമമാണ്. അപ്പോഴാണ് ഈ സഹോദരിമാര്‍ പെരുവഴികള്‍ നമുക്ക്
സ്വന്തം, രാത്രിഞ്ചരന്മാരും, സാമൂഹ്യ വിരുദ്ധരും വഴിമാറുക എന്ന് അലമുറയിടുന്നത്.
എന്താണ് ഈ സഞ്ചാര സ്വാതന്ത്ര്യം കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്? പണ്ട് നമ്മുടെ സ്വന്തം
ഭൂമിമലയാളത്തില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി സമരം നടന്നിരുന്നു. അതിന്‍റെ
ആശയം സുപരിചിതം ആയതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതുപോലെ ആണോ ഈ സഞ്ചാര സ്വാതന്ത്ര്യം? അന്ന്, എതിര്‍
പക്ഷക്ക് പ്രബലമായ ഒരു സാമൂഹിക വ്യവസ്ഥയും ഉത്തരവാദികളും ഉണ്ടായിരുന്നു. ഇന്നോ ?
സമൂഹം അവഗണിക്കുന്ന ക്രിമിനലുകളും, സദാചാര പോലീസും അല്ലാതെ ആരാണ് നമ്മുടെ സഹോദരിമാരുടെ സഞ്ചാര
സ്വാതന്ത്ര്യത്തിനു വിഘ്നം നില്‍ക്കുന്നത്? പൊതുസമൂഹം അവര്‍ക്ക് എതിരാണോ? ഇനി
പൊതുസമൂഹം അങ്ങിനെ നില്‍ക്കുന്നു എങ്കില്‍ സഹോദരിയുടെ, മകളുടെ, ഭാര്യയുടെ സുരക്ഷയെ
കരുതി അല്ലെ അവര്‍ ഉള്‍കണ്ഠപ്പെടുന്നത്?
ഇന്നത്തെ കാലത്ത് ഏതു സഹൂഹത്തില്‍ ആണ് പെണ്ണുങ്ങളെ അടുക്കളയില്‍ തളച്ചിടുന്നത്?
അപ്പോള്‍, സ്വാതന്ത്ര്യം അല്ല പ്രശ്നം. പാതിരാത്രികള്‍ പട്ടാപ്പകല്‍ ആക്കുന്ന
ആധുനിക പാശ്ചാത്യ ലോകത്തിലെ വികലമായ സ്വാതന്ത്ര്യം ആണ് വേണ്ടത്. അവര്‍
ആസ്വദിക്കുന്ന സെക്സ് അടക്കം ഉള്ള സ്വാതന്ത്ര്യം വേണം. ഷോപ്പിംഗ് മോളുകളില്‍
പോലും കോവണിക്കൂടിന്‍റെ ചെറിയ മറവില്‍ നിന്ന് ഇണ ചേരാന്‍ ഉള്ള സ്വാതന്ത്ര്യം വേണം.
ചുരുക്കത്തില്‍, പാശ്ചാത്യ സംസ്കാരത്തില്‍ അഭിരമിക്കാന്‍ ഉള്ള ആര്‍ത്തി മൂത്താണ് ഈ
പരവേശം. അത് വഴി ഭാരതീയമായ സംസ്കാരത്തെ പാശ്ചാത്യ സംസ്കാര വൈകൃതം കൊണ്ട് പകരം വെക്കണം. ഇങ്ങിനെ ചെറിയ അജണ്ടയെ ഇവര്‍ക്കുള്ളൂ.
ആ ചെറിയ അജണ്ടക്ക് പിന്നിലെ വലിയൊരു ഗൂഡ
ലക്‌ഷ്യം ഉണ്ട്. അത് ഭാരതീയ വിരുദ്ധമാണ്. പാശ്ചാത്യ അടിമത്തം ആണ്. നമ്മുടെ
സംസ്കാരം ഹീനവും, പഴഞ്ചനും, അന്ധവിശ്വാസജഡിലവും, അപരിഷ്കൃതവും, അപലപനീയവും, സര്‍വ്വോപരി
മാനവിക വിരുദ്ധവും ആണ് എന്ന് പ്രഖ്യാപിക്കാന്‍ ഉള്ള വ്യഗ്രത ആണ് . ലോകോ സമസ്താ
സുഖിനോ ഭവന്തു എന്ന് പറഞ്ഞത് ഭ്രാന്താണ്. വാസുദേവ കുടുംബകം എന്ന് പറഞ്ഞത്
കിറുക്കാണ്. നമ്മുടെ സഹജീവി സ്നേഹം പൊളിയാണ് ! സര്‍വ്വമത സ്നേഹം പൊള്ളയാണ്. എല്ലാവര്ക്കും
സ്വാഗതം എന്ന് പറഞ്ഞ പാരമ്പര്യം അധമമാണ്. തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു,
പ്രാണിയില്‍ പോലും പരബ്രഹ്മ ചൈതന്യം ഉള്‍ക്കൊള്ളുന്നു എന്നതിനാല്‍ അതിനെ പോലും
ഉപദ്രവിക്കരുത് എന്ന് പറഞ്ഞത് കാടത്തമാണ്. തത്വമസി എന്ന് പറഞ്ഞത് പഴഞ്ചനാണ്.
നമ്മുടെ വിജ്ഞാന ശാഖകളും, വേദങ്ങളും, ആയുര്‍വേദവും, തത്വശാസ്ത്രങ്ങളും എല്ലാം
മ്ലെച്ചമാണ്. ഏറ്റവും ശ്രേഷ്ഠം പാശ്ചാത്യര്‍ പോലും ചവറ്റ് കൊട്ടയില്‍ എറിഞ്ഞു
കൊണ്ടിരിക്കുന്ന രതിസ്വാതന്ത്ര്യം ആണ്. കുടിച്ചും, കൂത്താടിയും, പാതിരാവില്‍
ലക്കും ലഗാനും ഇല്ലാതെ ഉടുതുണി ഇല്ലാതെ, രാത്രികള്‍ പകലുകള്‍ ആക്കി സ്വൈര്യമായി
നടക്കുന്നതാണു സ്വാതന്ത്ര്യം. അതാണു ജീവിതം. അതാണു, മനുഷ്യന്‍ എന്ന നിലയില്‍
പരമമായ ലക്‌ഷ്യം ! നിര്ഭായത്വമുള്ള സ്ത്രീയെ വാര്‍ക്കുക എന്നതാണത്രേ ലക്ഷ്യം!
പാതിരാത്രിയില്‍ പരസഹായം ഇല്ലാതെ കറങ്ങി നടക്കുന്നതാണോ നിര്‍ഭയത്വം ഉണ്ടാകാനുള്ള
വിദ്യ?
കേരളം മൂന്ന് കോടി ജനസംഖ്യ ഉള്ള സംസ്ഥാനം ആണ്. ഇവിടെ ആയിരം പേര്‍ക്ക് ഒരു
പോലീസുകാരന്‍ പോലും ഇല്ല. അങ്ങിനെ അരക്ഷിതമായ തെരുവിലേക്ക് ആണ് ആരുടെയോ പ്രേരണയാല്‍,
ഇതാണ് സ്വാതന്ത്ര്യം എന്ന് തെറ്റിദ്ധരിച്ചു ഇവര്‍ ഇറങ്ങുന്നത്? ശരീര ശാസ്ത്രം അനുസരിച്ച്
പത്തു സ്ത്രീകള്‍ക്ക് പോലും ഒരു പുരുഷനെ നേരിടാന്‍ കഴിയില്ല. അല്ലെങ്കില്‍ വല്ല
ആയോധന കലകളും സ്വായത്തമാക്കണം. അതൊന്നും ഇല്ലാതെ ഇരകളെ കുറ്റവാളികളുടെ
മുന്നിലേക്ക് ഇട്ടു കൊടുക്കുക ആണിവര്‍. നാളെ എന്തെങ്കിലും അരുതായകകള്‍ സംഭവിച്ചാല്‍,
ഗൃഹലക്ഷ്മി പറഞ്ഞത് കൊണ്ട് തെരുവില്‍ ഇറങ്ങിയത് ആണെന്ന് പറഞ്ഞാല്‍ ഏതൊരു ഭീകര
ജീവിയും, സഹൂഹിക വിരുദ്ധനും , :”ശരി പെങ്ങളെ പൊയ്ക്കോളൂ” എന്ന് പ്രതിവചിക്കും!
ചുരുങ്ങിയ പക്ഷം ഈ വൃഥാവ്യായാമത്തിനു പകരം പത്തു സ്ത്രീകള്‍ക്ക് എങ്കിലും ആയോധന കല
പഠിപ്പിച്ചു കൊടുത്തിരുന്നു എങ്കില്‍ പകല്‍ സമയത്തെങ്കിലും സമൂഹ്യവിരുദ്ധരില്‍
നിന്ന്അവര്‍ രക്ഷപ്പെട്ടേനെ ! അപ്പോള്‍, ഇവിടെ വിഷയം സ്ത്രീ സുരക്ഷ അല്ല! ഭാരതീയ
സംസ്കാരത്തെ ഇരുനൂറു കൊല്ലം ബ്രിട്ടീഷുകാരും, അറുനൂറു കൊല്ലം മുഗളന്മാരും, അതിനു
ശേഷം നാടന്‍ സായ്പുമാരും പഠിപ്പിച്ചിട്ടും, സംസ്കാര സമ്പന്നര്‍ (Civilized) ആക്കാന്‍ പറ്റാത്തതിന്‍റെ പരിദേവനം കലര്‍ന്ന വൃഥാവിലാപം
ആണ്! ഇംഗ്ലീഷ് പഠിച്ചാലേ പഠനം പൂര്‍ത്തിയാകൂ. പാശ്ചാത്യരെ പോലെ നടന്നാലേ സംസ്കാര
സമ്പന്നര്‍ ആകൂ എന്ന അധമ ബോധം ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ലൈംഗികത മറക്കാന്‍
പാശ്ചാത്യര്‍ പഠിക്കും മുന്‍പേ ഇവിടെ ആളുകള്‍ തുണി ഉടുത്തിരുന്നു എന്നും,
പരുത്തിയും, പട്ടു നൂലും ഉള്പാദിപ്പിച്ചിരുന്നു എന്നും , ലോകൊത്തോര സര്‍വ്വകലാശാലക
ള്‍ ഉണ്ടായിരുന്നു എന്നും ഈ അഭിനവ ഭിഷഗ്വരന്മാര്‍, നവോദ്ധാന നായികമാര്‍ മറക്കുന്നു.
നളന്ദയും, തക്ഷശിലയും ഉണ്ടായിരുന്ന നാടിനെ നോക്കിയാണു ഇവര്‍, പഠിക്കുന്നെങ്കില്‍
പടിഞ്ഞാറ് പോകണം, ഇവിടെയൊക്കെ മണ്ടന്മാര്‍ ആണ് എന്ന് പറയുന്നത് ! വേദങ്ങളിലെ തത്വ
ചിന്തകള്‍ ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ബഹുകേമം എന്നിവര്‍ പറയും! സംസ്കൃതത്തിലായാല്‍ അപരിഷ്കൃതവും!
നേരത്തെ പറഞ്ഞപോലെ ഇതൊരു സുപ്രഭാതത്തില്‍
ഉണ്ടായ ബോധോദയം അല്ല. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍
തുടങ്ങിയതാണ് ഈ ഹിസ്റ്റീരിയ. ഇത് ഇവിടെ കൊണ്ടൊന്നും അവസാനിക്കാന്‍ പോകുന്നില്ല.
ഇത് ഒരു തരം ചിത്തഭ്രമം ആണ്. മുഴുഭ്രാന്തിലെ ഇതവസാനിക്കൂ! രാഷ്ട്രീയമായി
പ്രതിയോഗികളെ തളര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ സാംസ്കാരികമായി തളര്‍ത്തുക. അതിനു
വേണ്ടി ചോര തിളക്കുന്ന യുവജനതയെ കൂട്ട് പിടിക്കുക. അവരെ വഴി തെറ്റിച്ചു
വശത്താക്കുക എന്ന ഗൂഡലക്ഷ്യം ഇതിന്‍റെ പിന്നില്‍ ഉണ്ട്. ഡല്‍ഹിയില്‍ അഴിമതിയുടെ
മേല്‍വിലാസത്തില്‍ ആപ്പ് എങ്ങിനെയാണ് ജനങ്ങളെ വഴി തെറ്റിച്ചു സോഷ്യല്‍ മീഡിയകളിലൂടെ
തങ്ങളുടെ പാളയത്തില്‍ എത്തിച്ചത് അത് പോലെ ഒരു തന്ത്രമാണ് ഇവിടെ നടക്കുന്നത്. ഇത്
ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. കമ്യൂണിസ്റ്റുകാര്‍ അരനൂറ്റാണ്ടായും ,
മിഷനറിമാരും, മുസ്ലീം മത പണ്ഡിതരും നൂറ്റാണ്ടുകള്‍ക്ക് മുന്‍പും തുടങ്ങിയ പ്രക്രിയയുടെ ആധുനിക രൂപം ആണിത്!
എന്തുകൊണ്ട് ഈ മൂഷികന്മാര്‍ക്ക് മലയെ കല്ലെറിഞ്ഞു വീഴ്ത്താന്‍ കഴിയുന്നില്ല എന്ന
തിരച്ചിലില്‍ പുതിയ ആയുധങ്ങള്‍ എടുത്തുപയോഗിക്കയാണ്. അതിനു വീണ്ടും വീണ്ടും പുതിയ
വാദങ്ങളും, തന്ത്രങ്ങളും നിരത്തുന്നു. സ്ത്രീകളെ പറ്റി കാല്പനികമായി,
കാവ്യാത്മകമായി , ആലങ്കാരികമായി മനു പറഞ്ഞതിനെ ചൊല്ലിയായിരുന്നു ഇത് വരെ വിവാദം. മനു
സ്ത്രീക്ക് സ്വാതന്ത്ര്യം പാടില്ല, കൊടുക്കില്ല എന്ന് പറഞ്ഞില്ലേ എന്നായിരുന്നു പ്രചരണം.
സത്യത്തില്‍ ആലങ്കാരികമായി മനു പറഞ്ഞത്, സ്ത്രീ ശൈശവത്തില്‍ അമ്മയുടെയും,
ബാല്യകൌമാരത്തില്‍ അച്ഛന്റെയും, യൌവനത്തില്‍ ഭര്‍ത്താവിന്റെയും, വാര്‍ധക്യത്തില്‍
മക്കളുടെയും സംരക്ഷണം ആവശ്യമുള്ള ഒരു പാവം സൃഷ്ടി ആണെന്നായിരുന്നു. ഈ ഭാവനയില്‍
ഇന്ന് മറ്റാരെങ്കിലും ഒരു കവിത എഴുതുക ആണെങ്കില്‍ ഇവര്‍ തന്നെ അവാര്‍ഡ് കൊടുക്കും.
പക്ഷെ, മനു ക്രൂശിക്കപ്പെടണം . കാരണം, മനു
പറഞ്ഞത് വേദങ്ങളിലൂടെ ആണ്! വേദത്തില്‍ ഉള്ളതെല്ലാം അബദ്ധമാണ്! അത് കൊണ്ടാണ് പുഷ്പക
വിമാനത്തെ പറ്റി , ആദ്യമായി വിമാനത്തെ പറ്റി പരാമര്‍ശം ഉള്ളത്
രാമായണത്തില്‍ ആണെന്ന് പറയുമ്പോള്‍ അത് അബദ്ധജടിലവും, “ഇതില്‍ എല്ലാം ഉണ്ട്, ഇതില്‍
ഇല്ലാത്തത് വേറെ എവിടെയും ഇല്ല” എന്ന് ഖുറാന്‍ പറയുമ്പോള്‍ ആപ്തവാക്യവും ആകുന്നത്!
കുറെ പേരെ എങ്കിലും ഹൈന്ദവ
വിരുദ്ധ, ഭാരതീയ വിരുദ്ധ, മാനവിക വിരുദ്ധ ചേരിയില്‍ എത്തിക്കാം എന്ന കുത്സിത ശ്രമം
എതിര്‍ത്ത് തോല്‍പ്പിക്കേണ്ടിയിരിക്കുന്നു. ആരാണ് ഇതിനു പിന്നില്‍ പ്രചോദനവും,
പ്രകോപനവും , ധനസഹായവും നല്‍കുന്നത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കാരണം,
ഇവര്‍ എന്താണു ചെയ്യുന്നത് എന്ന് ഇവര്‍ക്ക് തന്നെ അറിയുന്നില്ല. ചെയ്യുന്നത് രാജ്യദ്രോഹമാണ്
എന്ന് മനസിലാക്കുന്നില്ല. ഭാരതീയ സംസ്കാരത്തില്‍ നിന്ന്
ജനങ്ങളെ ആകര്‍ഷണീയമായ മുദ്രാവാക്യങ്ങള്‍ മുഴക്കി മാറ്റി നിര്‍ത്തുന്നത് കൊണ്ട് ആര്‍ക്കാണ്
ഗുണം കിട്ടുക എന്ന് അന്വേഷിക്കണം. അത് മാതൃഭൂമി പോലുള്ള മഹത്തായ പാരമ്പര്യം ഉള്ള
ഒരു സ്ഥാപനം മുന്‍കൈ എടുക്കുമ്പോള്‍ അരുത് എന്ന് ഉറക്കെ പറയാന്‍ ഉള്ള ബാധ്യത ഓരോ
മലയാളിക്കും ഉണ്ട്.
എന്താണ് ഇവര്‍ അന്യമതങ്ങളില്‍ ഉള്ള
പോരായ്മകള്‍ കാണാത്തത്? എന്തുകൊണ്ടാണ് ശബരിമലയില്‍ മാത്രം സ്ത്രീ പ്രവേശനം വേണം
എന്ന് ശഠിക്കുന്നത്? ആറാം നൂറ്റാണ്ടിലും, ഒന്നാം നൂറ്റാണ്ടിലും ഉത്ഭവിച്ച
സെമറ്റിക് മതങ്ങളിലെ അനുഷ്ടാനങ്ങളും, ആചാരങ്ങളും എല്ലാ ശാസ്ത്രീയമാണോ? എന്താണ്
അവക്കെതിരെ ചെറുവിരല്‍ അനക്കാത്തത്? ഭാരതീയമായ എല്ലാം ഉപേക്ഷിച്ചു അറബ് ആചാരങ്ങളെ
നെഞ്ചിലേറ്റി സ്വത്വബോധം വളര്‍ത്തുന്നവര്‍ എന്ത് കൊണ്ട് സ്വീകാര്യര്‍ ആകുന്നു!
പര്‍ദ്ദ അല്ലെങ്കില്‍, മുടി മൂടുക എന്ന രീതി തന്നെ അറബ് രാജ്യങ്ങളില്‍ ഉത്ഭവിച്ചത്
അവിടത്തെ കാലാവസ്ഥയും, പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷവും ആണെന്നും, മുടി
മൂടിയില്ല എങ്കില്‍ മണല്‍ നിറഞ്ഞു ജഡ പിടിക്കും എന്നത് കൊണ്ടാണ് എന്നും സാമൂഹിക ശാസ്ത്രജ്ഞ്ജരുടെ വാദം ഇവരെന്തു കൊണ്ട്
തള്ളിക്കളയുന്നു? മൂക്കിള, കാതിള, ചലം, തുപ്പല്‍, നീര്, മലം, മൂത്രം, വിയര്‍പ്പ് എന്നത് പോലെ ആര്‍ത്തവ രക്തവും വിസര്‍ജ്യമാണ്,
ശരീരത്തിന് ആവശ്യമില്ലാത്തത് മാത്രമേ ശരീരം പുറം തള്ളുക ഉള്ളൂ എന്നും പറയുന്ന
ശാസ്ത്രം അംഗീകരിക്കാതെ ആര്‍ത്തവരക്തത്തിനു മാന്യത കൊടുക്കുന്നതിലെ രാഷ്ട്രീയം
എന്താണ്?
ഇവരോട് മാന്യമായി ചോദിയ്ക്കാന്‍ ഉള്ളത്,
എങ്ങിനെയാണ് പെങ്ങന്മാരെ ഈ പാതിരാത്രിയില്‍ കുറച്ചു ദൂരം സംഘം ചേര്‍ന്ന് ഓടിയാല്‍
നിങ്ങളില്‍ ധൈര്യവും, സ്വരക്ഷാബോധവും ഉണ്ടാകുന്നത്? രാത്രിജ്ഞരന്മാര്‍ ആയ മനുഷ്യരും
(സാമൂഹ്യ വിരുദ്ധര്‍ അടക്കം) ഇതര ജീവികളും ഒഴികെ ആരും സഞ്ചരിക്കാത്ത
(അത്യാവശ്യത്തിനു ഒഴികെ) പാതിരാത്രികള്‍ ആര്‍ക്ക് വേണ്ടിയാണു നിങ്ങള്‍
സ്വന്തമാക്കാന്‍ പോകുന്നത്? പകലുകള്‍ ആര്‍ക്ക് വേണ്ടിയാണ്? രാത്രി സഞ്ചാരം ആവശ്യമായി വരുന്നത്
ലഹരിക്കടിമപ്പെട്ടവരും, ലൈംഗിക തൊഴിലാളികളും, നൈറ്റ് ഷിഫ്റ്റ് ഉള്ളവരും
അടങ്ങുന്ന 0.001% ആളുകള്‍ക്ക്
മാത്രം ആണ്. അവര്‍ക്ക് വേണ്ടിയാണോ നിങ്ങളുടെ ഈ രാത്രി പ്രണയം? നിങ്ങളുടെ
പ്രതിയോഗികള്‍ ആരാണു? ആര്‍ക്കെതിരെ ആണ് ഈ സമരം? ഇതിന്‍റെ ലക്‌ഷ്യം എന്താണ്?
നിങ്ങളൊക്കെ ഇനി മേലില്‍ തെരുവില്‍ ആണോ അന്തിയുറങ്ങാന്‍ പോകുന്നത്? അതോ
തെരുവുകളില്‍ രാത്രി കാലങ്ങളില്‍ അലഞ്ഞു നടന്നു പകല്‍ സമയം കൂടണഞ്ഞു പകലുറക്കം
തുടങ്ങാന്‍ പോകുക ആണോ? എന്ത് കൊണ്ട് പാതിരാത്രി തിരഞ്ഞെടുത്തു? എന്താണ്
പാതിരാത്രിക്ക് നിങ്ങളുടെ വ്യാഖ്യാനം? നിങ്ങള്‍ മാതൃക ആക്കുന്ന പാശ്ചാത്യ
രാജ്യങ്ങള്‍ രാത്രിയും പകലും അതീവ സുരക്ഷ നല്‍കാന്‍ കഴിവുള്ള കൊച്ചു കൊച്ചു രാജ്യങ്ങള്‍
ആണെന്ന പ്രായോഗിക ബുദ്ധി എന്ത് കൊണ്ട് നിങ്ങളെ അലട്ടുന്നില്ല? രാത്രി സഞ്ചാരം ആണോ
ഇന്ന് കേരളത്തില്‍ സ്ത്രീ അനുഭവിക്കുന്ന കാതലായ പ്രശ്നം? മറ്റെല്ലാ വിഷയങ്ങള്‍ക്കും
പരിഹാരം കണ്ടെത്തിയോ? ഇതില്‍ എത്രപേര്‍ക്ക് രാത്രി സഞ്ചാരം പ്രായോഗികം ആകും?
നിങ്ങള്‍ കുടുംബം എന്ന വ്യവസ്ഥിതിയെ പിഴുതു കളഞ്ഞു സ്വതന്ത്രര്‍ ആകാന്‍ ഉള്ള
തീരുമാനത്തില്‍ ആണോ? അപ്പോള്‍ നിങ്ങളുടെ രക്ഷിതാക്കള്‍, സഹോദരന്മാര്‍, ഭര്‍ത്താക്കന്മാര്‍,
കുട്ടികള്‍ എന്നിവര്‍ നിങ്ങള്‍ക്ക് ഒപ്പം ഉണ്ടോ? അതോ അവര്‍ക്ക് വേണ്ടാത്ത
രാത്രികള്‍ നിങ്ങള്‍ക്ക് മാത്രം മതിയോ? രാത്രികള്‍ സ്വന്തമാക്കിയാല്‍ സ്ത്രീ
പീഡനങ്ങളും, അവഗണനയും ഇല്ലാതെ ആകുമോ? സ്ത്രീ പ്രാധിനിത്യം കൂടുമോ? തൊഴിലിടങ്ങളിലെ
ചൂഷണം അവസാനിക്കുമോ? വിലക്കുറവ് ഉണ്ടാകുമോ? സാമൂഹിക തിന്മകള്‍ ഇല്ലാതാകുമോ?
അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും പമ്പ കടക്കുമോ? തുല്യനീതി ഉറപ്പാകുമോ? സാമൂഹിക
പദവി ഉയരുമോ? തൊഴിലില്ലായ്മയും, പട്ടിണിയും ഇല്ലാതാകുമോ? വിലക്കയറ്റം തടയാന്‍
പറ്റുമോ? വിദ്യാഭ്യാസ നിലവാരം ഉയരുമോ? അസഹിഷ്ണുത ഇല്ലാതാകുമോ? വര്‍ഗ്ഗീയത ഇല്ലാതെ
ആകുമോ? രാജ്യത്തിന്‍റെ അഖണ്ഢതക്ക് മുതല്‍ കൂട്ടാകുമോ? ശത്രു സൈന്യം ഒളിചോടുമോ?
തീവ്രവാദം ഇല്ലാതെ ആകുമോ? ലോകത്ത് യുദ്ധഭീഷണി ഇല്ലാതെ ആകുമോ? ഭവനരഹിതര്‍ക്ക് വീട്
കിട്ടുമോ? തൊഴിലില്ലായ്മക്ക് പരിഹാരം ആകുമോ? അഴിമതി ഇല്ലാതെ ആകുമോ? മാനവികത തഴച്ചു
വളരുമോ? അതോ സൂര്യന്‍ പടിഞ്ഞാറുദിക്കുമോ?
ഓടരുത്, പെങ്ങളെ ഓടരുത്. ഇത്
പാതിരാത്രിയാണ്. സുഖസുഷുപ്തിയുടെ യാമങ്ങള്‍ ആണ്. പ്രകൃതിയും മനുഷ്യനും
വിശ്രമിക്കുന്ന സമയം ആണ്. അത് കൊണ്ട് തന്നെ ഇത് പ്രകൃതി വിരുദ്ധമാണ്. പ്രകൃതി
വിരുദ്ധം ആകരുത് ഒരു പ്രതിഷേധവും. അങ്ങിനെ വരുമ്പോള്‍ അത് സമൂഹ വിരുദ്ധം
ആകും!