എമെര്‍ജിംഗ് കേരളയെ
എതിര്‍ക്കുന്നവരില്‍ ചിലര്‍ കാണാതെ പോകുന്ന ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കട്ടെ.
അടിവരയിട്ടു പറയേണ്ട വസ്തുത, അതിനെ എതിര്‍ക്കുന്നവരില്‍ ചിലരെ മാത്രം ഉദ്ദേശിച്ചാണ്പറയാ ന്‍ പോകുന്നത്.
എമര്‍ജിംഗ് കേരള പോലുള്ള
പദ്ധതികള്‍ വരുന്നില്ലെങ്കില്‍ കേരളം അടുത്ത പത്തു വര്‍ഷത്തിനകം വിനാശകരമായ ഒരു
പതനത്തിലേക്ക് കൂപ്പ് കുത്തും എന്ന കാര്യം ഉറപ്പാണ്.
സാമൂഹ-സാംസ്കാരിക
രംഗങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാളും വലിയ കുതിച്ചു ചാട്ടം
നടത്തിയിട്ടുണ്ട്. അതിനു കാരണക്കാര്‍, ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍
ആയിരുന്നെന്നും, മറിച്ച് കോണ്‍ഗ്രസ് പോലുള്ള സംഘടനകള്‍ അക്കാലങ്ങളില്‍ പ്രതിലോമകാരികളുടെ
കൂടെയായിരുന്നു നിലയുറപ്പിച്ചിരുന്നതെന്നുമുള്ള വസ്തുത നിഷേധിക്കാന്‍ കഴിയില്ല.
ഇന്നിപ്പോള്‍ സാംസ്കാരിക വിപ്ലവത്തിന്‍റെ കാര്യം വരുമ്പോള്‍ ‘അതിന്‍റെ ആള് ഞമ്മളാ’
എന്നവര്‍ പറയുന്നുണ്ടെങ്കിലും സത്യം മറിച്ചാണ്.
എന്നാല്‍, സാമ്പത്തിക
മുന്നേറ്റത്തിന്‍റെ കാര്യം വരുമ്പോള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇന്ന് കേരളം
നേടിയ നേട്ടങ്ങളുടെ പിതൃത്വം അവകാശപ്പെടാന്‍ കഴിയില്ല.
വിദ്യാഭ്യാസ രംഗത്തെ
മുന്നേറ്റം, ഭരണ പരിഷ്കാരങ്ങള്‍ എന്നിവക്കൊക്കെ സാമ്പത്തിക രംഗത്തെ കുതിപ്പിന് ചെറിയ
ചലനങ്ങള്‍ ഉണ്ടാക്കാനേ കഴിഞ്ഞിട്ടുള്ളൂ. ഇന്ന് നാം കാണുന്ന എല്ലാ പുരോഗതിയുടെയും
അടിത്തറ പെട്രോ ഡോളര്‍ ആണെന്നതാണ് സത്യം. കേരളത്തിലെ ജനസംഖ്യയില്‍ ആറിലൊരാള്‍ വിദേശത്താണെന്നത്
അറിയുമ്പോള്‍ ആണ് നാം ഇന്ന് കാണുന്ന പുരോഗതിയുടെ പൊരുള്‍ അറിയുക. ഒരു ശരാശരി എന്‍.ആര്‍.ഐ
യുടെ മാസവരുമാനം ഇവിടെ കിട്ടുന്നതിന്‍റെ പത്തിരട്ടിയാണെന്നും അറിയുക. ഈ
പത്തിരട്ടിയില്‍ ഒരു ഭാഗം ജീവിതാവശ്യങ്ങള്‍ക്ക് ചിലവഴിച്ചാലും, ബാക്കി ഒന്‍പത്
ഭാഗം വരുന്നത് കേരളത്തിലേക്കാണ്. അതായത്, കുഞ്ഞുകുട്ടി, വൃദ്ധന്മാരടങ്ങുന്ന
കേരളത്തില്‍ ശേഷിക്കുന്ന ആറില്‍ അഞ്ച് പേര്‍ ഒന്നിച്ചു സമ്പാദിക്കുന്നത്തിന്റെ
ഇരട്ടി തുക എന്‍.ആര്‍.ഐ സമ്പാദിക്കുന്നു. ഇവിടെ പറഞ്ഞപോലെ, ഈ ആറില്‍ അഞ്ചു പേരില്‍
കുഞ്ഞു കുട്ടികളും, വൃദ്ധന്മാരും, സ്ത്രീകളും, രോഗികളും, തൊഴില്‍രഹിതരും (രാഷ്ട്രീയ നേതാക്കളും ഇതില്‍ പെടും - കേരളത്തില്‍ അങ്ങിനെ ഏകദേശം ജനസംഖ്യയുടെ ഒരു
ശതമാനം പേര്‍ പല പാര്‍ട്ടികളിലും ആയി ഒരു തൊഴിലും എടുക്കാതെ ‘ജനസേവനം’ മാത്രം
നടത്തി ‘അതിജീവനം’ നടത്തുന്നുണ്ടെന്നാണ് ഒരു ഏകദേശ കണക്ക്) എല്ലാം ചേരുമ്പോള്‍
അനുപാതം വീണ്ടും ഉയരും. അതായത്, മൊത്തം തദ്ദേശീയ വരുമാനത്തിന്‍റെ ഇരുപത്
ഇരട്ടിയെങ്കിലും വരും. ഇനിയുമുണ്ട് ചില കണക്കുകള്‍ കൂടി. ഈ എന്‍.ആര്‍.ഐ കളില്‍ ഒരു
ശതമാനം പേര്‍ ഭീമമായ വരുമാനം ഉള്ള ജോലി ചെയ്യുന്നവരും, വ്യാപാരികളും,
വ്യവസായികളും പെടും. അതായത്, എന്‍.ആര്‍.ഐ അനുപാതം നാല്‍പതോ അന്‍പതോ ഇരട്ടി വരും!
ഇത് അതിശയോക്തിപരമായ കണക്കല്ല. ആധികാരികമാണ്. എന്നിട്ട് ആ പണമൊക്കെ എവിടെ എന്നാണു
ചോദ്യമെങ്കില്‍, അറിയുക, അതൊക്കെ പല വിദേശ രാജ്യങ്ങളിലും മുതല്‍മുടക്കായും, വിദേശ
ബാങ്കുകളില്‍ നിക്ഷേപമായും കുടുങ്ങിക്കിടക്കുകയാണ്.
അതിലൊരു പങ്ക് ഇങ്ങോട്ട്
ഒഴുകിയത് കൊണ്ടാണ് ഇവിടെ ജീവിത നിലവാരം കുതിച്ചുയര്‍ന്നത്.; കൂലി കൂടിയത്.
സൌകര്യങ്ങള്‍ വര്‍ദ്ധിച്ചത്. മതസ്ഥാപനങ്ങളും, ആശുപത്രികളും കൂണുപോലെ മുളച്ചു
പൊങ്ങിയത്. എന്തിനധികം- ചാനല്‍ പെരുമഴ തന്നെ ഉണ്ടായത്, ആഴ്ച തോറും സിനിമകള്‍
ഇറങ്ങുന്നത്. വാഹന പ്രളയമുണ്ടായത്. മാളുകളും, കോണ്‍ഗ്രീറ്റ് കാടുകളും, വന്‍കിട കച്ചവട
സ്ഥാപനങ്ങളും, എയര്‍ പോര്‍ട്ടുകളും , വിദ്യാഭ്യാസ സ്ഥാപനങ്ങളും, മണല്‍ മാഫിയയും,
റിയല്‍ എസ്റ്റേറ്റ് മാഫിയയും ഉണ്ടായത്. ഇടവഴികളൊക്കെ റോഡുകള്‍ ആയത്. പാടങ്ങളൊക്കെ
കിടപ്പാടമായത്. മൊബൈല്‍ സാന്ദ്രത കൂടിയത്.
കാല്‍ നൂറ്റാണ്ടു മുന്‍പ്
അമ്പതു രൂപ കൂലിയുണ്ടായിരുന്ന തൊഴിലാളിക്ക് ഇപ്പോള്‍ കൂലി അഞ്ഞൂറ് രൂപ. വിദഗ്ദ്ധ
തൊഴിലാളിക്ക് എഴുപതില്‍ നിന്ന് എഴുനൂറ് ആയി. പത്തിരട്ടി വര്‍ദ്ധന. കുറ്റം
പറയരുതല്ലോ, വിലക്കയറ്റവും അതിനൊപ്പമായി.
ഇനി ഇതിന്‍റെ മറുവശം
കാണാന്‍ സമയമായിരിക്കുന്നു. ഈ പണമൊഴുക്ക് നില്‍ക്കാന്‍ പോകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി
അതിന്‍റെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട്. പക്ഷെ, നാം അത് അറിയാതെ പോയതിനു സര്‍ക്കാരിനോട്
നന്ദി പറയുക. കാരണം, വിദേശത്തെ തൊഴിലില്ലായ്മയും, സാമ്പത്തിക പ്രതിസന്ധിയും നാം
അറിയാതെ പോയത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലെ ഇടിവ് കാരണം കുറച്ചു വരുമാനം കിട്ടിയാലും
കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ എ ന്‍.ആര്‍.ഐ ക്ക് കഴിയുന്നു എന്നതാണ് .
എന്നാല്‍, വിദേശത്തെ സാമ്പത്തിക പ്രതിസന്ധി ദിനംപ്രതി മൂര്‍ച്ഛിക്കുകയും, സര്‍ക്കാരുകള്‍ തൊഴില്‍ രംഗത്ത് തദ്ദേശവല്‍ക്കരണം നിര്‍ബന്ധമാക്കുകയും
ചെയ്തുകൊണ്ടിരിക്കുകയാണ്. തല്‍ഫലമായി സമീപ ഭാവിയില്‍ എന്‍.ആര്‍.ഐ കളുടെ തിരിച്ചു
വരവ് അനിവാര്യമായിരിക്കുന്നു. ഈ പ്രക്രിയ ഒരു പത്തു വര്‍ഷത്തിനകം പൂര്‍ണ്ണമാകും.
ഇത് മുന്‍പൊക്കെ
പറഞ്ഞപോലുള്ള പ്രവചനങ്ങള്‍ അല്ല. വസ്തുതയാണ്. കൊട്ടിഘോഷിക്കപ്പെട്ട പല പദ്ധതികളും
അവിടങ്ങളില്‍ സര്‍ക്കാറുകള്‍ പരണത്ത് വെച്ചു കഴിഞ്ഞു. അബുദാബിയും സൌദിയും
തമ്മില്‍ ബന്ധിപ്പിക്കുന്ന സിറ്റി പ്രോജക്റ്റ്, ലോകത്തെ ഏറ്റവും ഉയരം കൂടിയ
കെട്ടിടം (ബുര്‍ജ് ഖലീഫയെ വെല്ലാന്‍))))(), ദുബായിയിലെ ഒരു ഡസനോളം വന്‍കിട പ്രോജക്ടുകള്‍ എന്നിവയൊക്കെ അലമാരയില്‍
വെച്ചു പൂട്ടി. സര്‍ക്കാറുകള്‍ തന്നെ കമ്മി ബജറ്റ് അവതരിപ്പിക്കുന്നു. നിര്‍മ്മാണമേഖല
മരവിച്ചു നില്‍ക്കുന്നു. ദുബായില്‍ സ്തംഭനം വന്നപ്പോള്‍ അബുദാബിയിലേക്കും, സൌദിയിലേക്കും
ഓടിയ നിര്‍മാണ മേഖല ഓടാന്‍ ഇടമില്ലാതെ അന്ധാളിച്ചു നില്‍ക്കുന്നു. വ്യാപാര-വ്യവസായ
മേഖല പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്നു. പല സ്ഥാപനങ്ങളും കളം
മാറി ചവിട്ടുകയോ, രംഗം വിടുകയോ ചെയ്യുന്നു. ഇതാണ് ഗള്‍ഫിലെ മൊത്തം സ്ഥിതി. സര്‍ക്കാറുകള്‍ തന്നെ അഭിമാനത്തിന്‍റെയും , ഇമേജിന്‍റെയും പേരില്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നില്ല
എങ്കില്‍ പോലും, തസ്തികള്‍ വെട്ടിക്കുറച്ചും, നിയമനം മരവിപ്പിച്ചും, പദ്ധതികള്‍
മാറ്റിവെച്ചും ചിലവ് ചുരുക്കല്‍ കര്‍ശനമായി നടപ്പാക്കുന്നു.
ഇങ്ങിനെ വരുമ്പോള്‍,
തീര്‍ച്ചയായും ഒരു അഞ്ചു വര്‍ഷത്തിനുള്ളില്‍, ഏറിയാല്‍ ഒരു പത്തു വര്‍ഷത്തിനകം
പുതിയ മേച്ചില്‍ പുറങ്ങള്‍ തെളിഞ്ഞു വരുന്നില്ലെങ്കില്‍ പ്രവാസിയുടെ തിരിച്ചു
വരവ് അനിവാര്യമാണ്.
അപ്പോള്‍ നാം എന്ത്
ചെയ്യും? അവരുടെ തിരിച്ചു വരവോടെ ഇങ്ങോട്ടുള്ള പണമൊഴുക്കും നിലക്കും. അങ്ങിനെയുള്ള
ഒരു നാളിനെ കുറിച്ചു എല്ലാവരും ബോധവാന്മാര്‍ ആകാന്‍ സമയം വൈകി. ഈ വിഷയം ഒരുപാടു
ചര്‍ച്ച ചെയ്തതാണെങ്കിലും ഇനിയും ഒരു പോംവഴി ആരും നിര്‍ദ്ദേശിച്ചിട്ടില്ല.
അല്ലെങ്കില്‍, ഈ ആശങ്ക നാം കാര്യമായി എടുത്തിട്ടില്ല. അതിനുള്ള പ്രധാന കാരണം,
ഇന്നു വരെ നിര്‍ലോഭം ഒഴുകിക്കൊണ്ടിരിക്കുന്ന പണത്തിന്‍റെ അന്ധാളിപ്പില്‍ നമുക്ക്
സത്യം കാണാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍, ഈ പണത്തിനും, അതയക്കുന്നവര്‍ക്കും നാം
പുല്ലു വിലയെ നല്‍കിയിട്ടുള്ളൂ. ഗള്‍ഫ് അല്ലെങ്കില്‍ വേറെ എവിടെയെങ്കിലും- അവന്‍
പണം അയക്കും എന്ന ശുഭാപ്തിവിശ്വാസം. അല്ലെങ്കില്‍ നെറികേട്- നന്ദികേട്!!! !!
ഈ വരുമാനത്തില്‍ വലിയൊരു
പങ്ക് വിഴുങ്ങുന്ന രാഷ്ട്രീയ കക്ഷികള്‍ ഇനിയെങ്കിലും ചിന്തിക്കണം. ഒരു
ചില്ലിക്കാശു പോലും ഗള്‍ഫില്‍ നിന്ന് സംഭാവനയായി വരില്ല. ഗള്‍ഫില്‍ നിന്ന് പണം
വരാതെ തദ്ദേശീയര്‍ക്ക് അരക്കാശും തരാന്‍ കഴിയില്ല. മാത്രമല്ല, ഈ പണം വരാതെ അന്യസംസ്ഥാന
തൊഴിലാളി ഇങ്ങോട്ട് വരില്ല. കയ്യിലും, കാലിലും ചെളി പുരളാന്‍ ഇഷ്ടപ്പെടാത്ത മലയാളി
കുറഞ്ഞ കൂലിക്ക് പണി ചെയ്യില്ല. നാല്‍പതു രൂപ കൊടുത്ത് തക്കാളിയും, പച്ചമുളകും
വാങ്ങാന്‍ കഴിയില്ല. പണം കുറച്ചു കൊടുത്താലും, കടം പറഞ്ഞാലും തമിഴനും, ആന്ധ്രക്കാരനും,
കന്നടക്കാരനും സാധനം തരില്ല. നാം ചിന്തിച്ചേ മതിയാകു. ഇരുളടഞ്ഞ നാളെയാണ് വരാന്‍
പോകുന്നത്.
ഇത്തരുണത്തിലാണ് ‘എമെര്‍ജിംഗ്
കേരള’യുടെ പ്രസക്തി കാണേണ്ടത്. നാം നമ്മുടെ കാലില്‍ നിന്ന്, നമ്മുടെ നാടും, വീടും
വിടാതെ ജീവിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. അതിന് സ്വന്തമായ വരുമാനമാര്‍ഗങ്ങള്‍
കണ്ടെത്തണം. തൊഴില്‍ സാധ്യതകള്‍ ആരായണം. അങ്ങിനെ ചിന്തിക്കുമ്പോള്‍ എമെര്‍ജിംഗ്
കേരള വരേണ്ടത് തന്നെയാണ്!
അതിനു തടസ്സം നില്‍ക്കുന്നത്
രണ്ട് കൂട്ടരാണ്. ആദ്യത്തേത് പാരിസ്ഥിതിക തീവ്രവാദികള്‍... അവരുടെ വാദം നമ്മുടെ
പ്രകൃതി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല, വരും തലമുറക്കും കൂടിയുള്ളതാണ്. ഈ ഭൂമി
ഇതുപോലെ, ഒരു പോറലും ഏല്‍പ്പിക്കാതെ അവര്‍ക്ക് ഏല്‍പ്പിക്കണം. സുന്ദരമായ സ്വപ്നം!
പക്ഷെ, നാം അനുഭവിച്ച സുഖഭോഗങ്ങളും, സൌകര്യങ്ങളും, സമ്പത്തും കൂടെ അവരെ ഏല്‍പ്പിക്കണ്ടേ?
അതോ, മുടിയനായ കാരണവരെ പോലെ എല്ലാം തിന്നു തുലച്ചു വരും തലമുറയ്ക്ക് പിച്ചചട്ടിയും
കൊടുത്ത് പ്രകൃതി രമണീയത ആസ്വദിച്ചു ബീഡിക്കുറ്റിയും വലിച്ചു പിച്ച തെണ്ടാന്‍ പറഞ്ഞാല്‍
മതിയോ? വരും തലമുറക്ക് സുഖമായി ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കി വെക്കലല്ലേ ഒരു
നല്ല കാരണവരുടെ കടമ? അതിനര്‍ത്ഥം, പ്രകൃതിയെ അപ്പാടെ നശിപ്പിക്കണം എന്നല്ല. അത്
വേണ്ടുവോളം നാം ചെയ്തു വെച്ചിട്ടുണ്ടല്ലോ.
നമുക്ക് എണ്ണപ്പാടങ്ങളില്ല,
ഖനികള്‍ ഇല്ല. ഫാക്ടറികള്‍ വരാനുള്ള വിദൂര സാധ്യതപോലും ഇല്ല. ഉള്ളത് ദൈവത്തിന്‍റെ സ്വന്തം നാടെന്ന്
അഭിമാനിക്കാവുന്ന ഭൂമിയാണ്. അപ്പോള്‍ ഉള്ളത് കൊണ്ട് എങ്ങിനെ ജീവിക്കാം എന്ന് നാം
പഠിക്കണം. കോടികള്‍ മറിയുന്ന രംഗമാണ് ടൂറിസം. അതിന് കേരളത്തില്‍ അനന്ത സാധ്യതകള്‍
ഉണ്ട്. ഇതിനര്‍ത്ഥം ഈ ഭൂമി റിസോര്‍ട്ട് മാഫിയക്ക് പണയം വെക്കണം എന്നല്ല. എന്നാല്‍,
പ്രകൃതിക്ക് കോട്ടം വരാതെ, മാഫിയകള്‍ക്ക് കീഴടങ്ങാതെ കോടികളുടെ വരുമാനം നമുക്ക്
ഉണ്ടാക്കാന്‍ കഴിയും. അതിനുള്ള ആര്‍ജവവും, ആത്മാര്‍ത്ഥതയും വേണമെന്ന് മാത്രം.
മറ്റൊരു സാധ്യത നമ്മുടെ
മിടുക്കന്മാരായ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍
ആണ്. വിദ്യ മാത്രമല്ല. വിദേശത്തു നിന്ന് തിരിച്ചെത്തുന്നവ ര്‍ പല മേഖലകളിലും പരിചയം
സിദ്ധിച്ചവരാണ്. ആ അനുഭവ സമ്പത്ത് ഒരു മുതല്‍ മുടക്കും കൂടാതെ
നമുക്ക് ഉപയോഗിക്കാന്‍ കഴിയും. അതിനു സര്‍ക്കാരിന് കൃത്യമായ ധാരണകളും, കാഴ്ചപ്പാടുകളും
, പദ്ധതികളും വേണം. ഇവിടെ വലിയ പ്രശ്നം, കാര്യങ്ങള്‍ നിശ്ചയിക്കുന്നത്
രാഷ്ട്രീയക്കാരാണ് എന്നതാണ്. വിദഗ്ദരായ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമായി ചുരുങ്ങുന്നു. അവിദഗ്ദരായ നേതാക്കന്മാരുടെ ഇഷ്ടാനിഷ്ടങ്ങളും, സ്വാര്‍ത്ഥ
താല്പര്യങ്ങളും ‘നയപരമായ തീരുമാനം’ എന്ന ഓമനപ്പേരില്‍ മേല്‍ക്കൈ നേടുന്നു.
നേതാക്കള്‍ വേണ്ടെന്നല്ല. വക്കീലാണ് കേസ് വാദിക്കേണ്ടത്; ജഡ്ജിയല്ല.
‘എമെര്‍ജിംഗ് കേരള’യെ
എതിര്‍ക്കുന്ന രണ്ടാമത്തെ കൂട്ടര്‍ പ്രതിപക്ഷമാണ്. അവര്‍ക്ക് അതിനുള്ള കാരണങ്ങള്‍
ഉണ്ട്. കാരണം, ജിമ്മു കൊണ്ട് വന്ന് കേരളത്തെ കളിപ്പിച്ചവര്‍ ആണ് ഇതും കൊണ്ടുവരുന്നത്.
രണ്ടാമതായി, സ്മാര്‍ട്ട് സിറ്റിക്ക് നൂറേക്കര്‍ ഭൂമി വെറുതെ കൊടുത്ത് അതിന്‍റെ
കമ്മീഷന്‍ പിന്‍വാതിലൂടെ പിടുങ്ങാന്‍ നോക്കിയവര്‍. മെട്രോ പദ്ധതി ഡി.എം.ആര്‍.സി.യെ
ഏല്‍പ്പിക്കാതെ ദുബായില്‍ പദ്ധതി നടത്തി പണിയില്ലാതെ ചൊറിയും കുത്തിപ്പിടിച്ചു
നില്‍ക്കുന്നവരെ ഏല്‍പ്പിച്ചു കോടികള്‍ തട്ടാ ന്‍ നോക്കിയവര്‍. .കരിമണല്‍
ഖനനത്തിലൂടെ കീശവീര്‍പ്പിക്കാന്‍ നോക്കിയവര്‍. പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റ്‌കള്‍ ഏറ്റെടുക്കാതെ കേസ്സുക ള്‍ തോറ്റുകൊടുക്കുന്നവര്‍! സര്‍വ്വകലാശാലയുടെ ഭൂമി തീറെഴുതുന്നവര്‍. വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് വീതം വെക്കുന്നവര്‍. മൂന്നാമതായി, യു.ഡി.എഫിനെ
കുറിച്ചു അവര്‍ പോലും നിഷേധിക്കാത്ത ഒരു കാര്യമുണ്ട്. അവരില്‍ അധികം നേതാക്കളും
രാഷ്ട്രീയത്തിലൂടെ കോടികള്‍ സമ്പാദിച്ചവര്‍ ആണെന്ന കാര്യം! പല നേതാക്കളുടെയും
പൂര്‍വാശ്രമ കഥകള്‍ അങ്ങാടിപ്പാട്ടാണല്ലോ. കഞ്ഞി കുടിക്കാന്‍ വകയില്ലാതെ
രാഷ്ട്രീയത്തില്‍ വന്ന് കോടീശ്വരന്മാര്‍ ആയവര്‍ ആണ് അധികവും! അതുകൊണ്ട് തന്നെ
പ്രതിപക്ഷം പച്ചവെള്ളം കാണുമ്പോഴും പേടിക്കും.
കാര്യങ്ങള്‍
ഇങ്ങിനെയൊക്കെ ആണെങ്കിലും, മുന്‍പ് പറഞ്ഞ കാരണങ്ങളാല്‍ നമുക്ക് ‘എമെര്‍ജിംഗ് കേരള’
കൂടിയേ തീരു. എന്നാല്‍ നാം കേള്‍ക്കുന്ന ഈ പദ്ധതി നാടിനു വല്ല ഗുണവും ചെയ്യുമോ,
അതോ നേതാക്കളുടെ കീശ വീര്‍പ്പിക്കാനുള്ള കടലാസു പദ്ധതി മാത്രമാണോ എന്നതാണ്
അറിയേണ്ടത്.
ജിമ്മിന്റെ പരാജയത്തിന്
രണ്ട് കാരണങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ഒന്നാമതായി വിദേശങ്ങളില്‍ എക്കണോമിക്
ബൂസ്റ്റ് നടക്കുന്ന കാലത്താണ് അത് തുടങ്ങിയത്. അന്ന് ബുദ്ധിയുള്ള ആരും അവിടം
വിട്ടു കേരളത്തില്‍ നിക്ഷേപം നടത്തില്ലായിരുന്നു. അത് തുടങ്ങിയവര്‍ക്കും അക്കാര്യം
അറിയാമായിരുന്നു. അവരും അത്രയെ ഉദ്ദേശിച്ചുള്ളൂ. വല്ലതും കീശയില്‍ തടഞ്ഞാല്‍ ആയി എന്ന
ചിന്തയെ അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ജിമ്മു ശുഷ്കിച്ച് ഏതാനും സ്വര്‍ണക്കടകളും,
റിസോര്‍ട്ടുകളും മാത്രമായി ചുരുങ്ങിയത്!
ഇന്ന് സ്ഥിതി അതല്ല.
വിദേശത്ത് പ്രതിസന്ധിയാണ്. നിക്ഷേപകര്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്ന കാലം. വിദേശങ്ങളില്‍
നിക്ഷേപമുള്ള സ്വദേശി നിക്ഷേപകരും അക്കൂട്ടത്തില്‍ ഉണ്ട്. ഈ അനുകൂല കാലാവസ്ഥ
നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയണം. അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിന് ഉണ്ടോ
എന്നതാണ് പ്രശ്നം. അല്ലാതെ, അടുത്ത അഞ്ചു വര്ഷം പ്രതിപക്ഷത്തു ഇരിക്കുമ്പോള്‍
കപ്പലണ്ടി കൊറിക്കാന്‍ ഏതാനും കോടികള്‍ തട്ടാനുള്ള അടവാണെങ്കില്‍ അത് ഈ
നാട്ടിനോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം ആകും. കാരണം, ഇതിലും വലിയ അവസരം ഇനി
ഉണ്ടാകില്ല. അനുകൂലമായ കാലാവസ്ഥ മറ്റേതെങ്കിലും നാട്ടില്‍ തെളിഞ്ഞു വന്നാല്‍ ഈ
നിക്ഷേപകര്‍ ഒക്കെ അവിടേക്ക് ചേക്കേറും.
സര്‍ക്കാര്‍ പറയുന്നത്
ഒരിഞ്ചു ഭൂമി പോലും വില്‍ക്കില്ല എന്നാണ്. ഇവിടെ വില്‍ക്കുന്നത് മാത്രമല്ല
പ്രശ്നം. വില്‍ക്കുന്നത് അത്ര എളുപ്പവുമല്ല. അതിന് നൂറു കൂട്ടം നൂലാമാലകള്‍ ഉണ്ട്.
പ്രത്യേകിച്ച് നിക്ഷേപകന്‍ വിദേശി ആകുമ്പോള്‍.
പ്രശ്നം, വയല്‍
നികത്തുമോ, വനഭൂമി കയ്യേറുമോ, പാരിസ്ഥിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോ, ഭൂനിയമം അട്ടിമറിക്കുമോ,
പ്രകൃതി സമ്പത്ത് കൊള്ളയടിക്കുമോ, കുടിയൊഴിപ്പിക്കുമോ, സര്‍ക്കാരിന് ഹിഡന്‍ അജണ്ട ഉണ്ടോ, അഴിമതി
നടക്കുമോ, നാട് കുട്ടിച്ചോര്‍ ആകുമോ, എന്നൊക്കെയാണ്.
പല രാജ്യങ്ങളും അനുവധിക്കാത്ത പല പദ്ധതികളും ഒരു നിബന്ധനകളും ഇല്ലെങ്കില്‍
ഇങ്ങോട്ടോഴുകും. നിരോധിക്കപ്പെട്ട മരുന്നുല്പാദനം വരെ. അതിന് വേണ്ടത്, പദ്ധതിയുടെ
പൂര്‍ണ്ണ രൂപം സുതാര്യമാക്കുക എന്നതാണ്. എങ്കില്‍, നമുക്കും, ‘എമെര്‍ജിംഗ് കേരള’
യെ സ്വാഗതം ചെയ്യാം. !