ചില കണ്ടുപിടുത്തങ്ങള്‍ അങ്ങിനെ
ആണ്. അത് നിലവിലുള്ള എല്ലാത്തിനെയും മാറ്റി മറിക്കും. വിശ്വാസം, ശാസ്ത്രം,
അറിവ്, ആചാരം, ഉല്പത്തി എന്ന് വേണ്ട സകലമാന ചിന്താഗതിയെയും ഇത് മാറ്റി
മറിക്കും! പുതിയ അറിവിലേക്ക് വെളിച്ചം വീശും. ആദിയും, അന്ത്യവും ഇല്ലാത്ത
എല്ലാ സമസ്യകള്ക്കും ഉത്തരം കണ്ടെത്തും. വിപ്ലവം എന്നൊക്കെ
കമ്യൂണിസ്റ്റുകള്‍ പറയും. കാര്യമാക്കേണ്ട. വിവരം ഇല്ലാത്തത് കൊണ്ട്
പറയുന്നതാണ്. ഇതൊന്നുമല്ല വിപ്ലവം എന്ന് ആര്ക്കാണ് അറിയാത്തത് !
അതുപോലെ ഒരു കണ്ടു പിടിത്തമാണു നമ്മുടെ വലിയ ഉസ്താദ് നടത്തിയിരിക്കുന്നത്.
ഇത് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നും ആകില്ല. നിലവിലുള്ള, ശരീര
ശാസ്ത്രം, ജന്തു ശാസ്ത്രം, ലോകാരംഭം, ഭൌമ ഘടന, അന്തരീക്ഷ മലിനീകരണം,
സ്വര്ഗ്ഗം , നരകം, ഡി.എന്‍.എ, ജീവ രഹസ്യം എന്നിവയെ കുറിച്ച് നിലവില്‍ ഉള്ള
എല്ലാ അറിവുകളും തിരുത്തി എഴുതേണ്ടി വരും. ആശാന്‍റെ നിഗമനത്തില്‍
നരവംശശാസ്ത്രം തന്നെ തെറ്റാണ്. ആദ്യം ആദം. പിന്നെ ടിയാന്‍റെ ഒരു വാരിയെല്ല്
ഊരി ഹവ്വ എന്നാണല്ലോ നാസയും, ശാസ്ത്രലോകവും അംഗീകരിച്ച നരവംശ ശാസ്ത്രം.
എന്നാല്‍ സംഗതി അങ്ങിനെ അല്ല. രണ്ട് പേരെയും പടച്ചവന്‍ ഒരേ അച്ചില്‍ ആണ്
വാര്‍ത്തത്. നല്ല പശിമയുള്ള മണ്ണ് തേടി പടച്ചവന്‍ കുറെ നടന്നു. അക്കാലത്ത്
ഇന്നത്തെ പോലെ ഈ ഹലാക്കിലെ പോലെ ആശയ വിനിമയവും, ഉപഗ്രഹവും ഒന്നും
ഇല്ലാത്തത് കൊണ്ട് നടക്കുക തന്നെ! അപ്പോള്‍ ആണു ഒരു ജിന്ന് വന്നു പറഞ്ഞത്,
ചൈനയില്‍ അതിനു പറ്റിയ മണ്ണ് ഉണ്ടെന്ന്! ചൈനീസ് ക്ലേ എന്നൊക്കെ കുരുത്തം
കേട്ടവര്‍ പറയും. അങ്ങിനെ മക്കയില്‍ നിന്ന് കുറച്ചു മണലും വാരി പടച്ചവന്‍
ചൈനയിലേക്ക് വണ്ടി വിട്ടു. (മണല്‍ എന്തിനാണ് എന്ന് ചോദിക്കരുത്.
മനസിലായില്ല എങ്കില്‍ സ്വകാര്യമായി പറഞ്ഞു തരാം. ഈ മണല്‍ ചേര്ന്നാ ണ്
എല്ലാകുന്നത്! ഗോട്ട് മി?) അവിടെ വെച്ച് മണ്ണും, മണലും (എന്തു കൊണ്ട് മണല്‍
മക്കയില്‍ നിന്ന് എന്ന് വീണ്ടും ചോദ്യം വരും: വിശ്വാസിക്ക് ദൃഷ്ടാന്തം
ഉണ്ട് എന്ന് മാത്രം മനസിലാക്കിയാല്‍ മതി) കുഴച്ച് ഒരേ അച്ചില്‍
രണ്ടെണ്ണത്തിനെ വാര്ത്തു. വീണ്ടും, ചോദ്യം ചോദിക്കാം. അവിശ്വാസി അങ്ങിനെ
ആണ്. എന്ത് കൊണ്ട് നല്ല ഫലഭൂയിഷ്ടമായ മണ്ണുള്ള ഇന്ത്യ വിട്ട് ചൈനയില്‍
പോയി? അതിനും ഉത്തരം ഉണ്ട്. പടച്ചവന്‍ ഇല്ലാ എന്നാണല്ലോ കമ്യൂണിസ്റ്റുകള്‍
പറയുന്നത്. അവര്ക്കും വേണ്ടേ, ഒരു ദൃഷ്ടാന്തം! എന്നിട്ട് പടച്ചവന്‍
കയ്യില്‍ പുരണ്ട മണ്ണ് മഞ്ഞ നദിയില്‍ കഴുകി കളഞ്ഞു. ആ മണ്ണ് കലര്ന്ന്ത്
കൊണ്ടാണ് ഇന്നും മഞ്ഞ നദിക്ക് മഞ്ഞ നിറം (വിശ്വസിക്കുന്നവര്ക്ക് ദൃഷ്ടാന്തം
ഉണ്ട്!) അങ്ങിനെയാണു സൃഷ്ടിയുടെ ഉത്ഭവം. അതും ചൈനയില്‍ വെച്ച്!
എന്നിട്ടും, ഈ കുരുത്തം കെട്ട ചൈനക്കാര്‍ പറയുന്നു, മനുഷ്യന്റെര
സൃഷ്ടിയില്‍ പടച്ചോന് ഒരു പങ്കും ഇല്ലെന്ന് ! ഹറാം പിറന്നവര്‍ എന്ന് മാത്രം
പറഞ്ഞാല്‍ മതിയോ? ഇതല്ലേ സാര്‍, ശരിക്കും അസഹിഷ്ണുത!
ഇവിടെ
മറ്റൊരു കാര്യം കൂടെ ഓര്ക്ക ണം. ഉസ്താദിന്‍റെ കണ്ടുപിടുത്ത പ്രകാരം
വാരിയെല്ല് സിദ്ധാന്തം തന്നെ പൊളിയുകയാണ്. ആണിന്‍റെ വാരിയെല്ല് ഊരിയൊന്നും
അല്ല പെണ്ണിനെ ഉണ്ടാക്കിയത്. വിശ്വാസികള്ക്ക് ദൃഷ്ടാന്തം ഉണ്ട്. അവരെ
ഉണ്ടാക്കിയ അച്ച് ആരും കാണാതെ കമ്യൂണിസ്റ്റുകാര്‍ ചൈനയിലെ മ്യൂസിയത്തില്‍
സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആ രഹസ്യം അവര്‍ പുറത്ത് പറയില്ല. പറഞ്ഞാല്‍
അവരുടെ ഭൌദിക വാദം പൊളിയില്ലേ?
ആദി സൃഷ്ടി ഇവരായിരുന്നു. ഇവരില്‍
ആണും പെണ്ണും വകതിരിവ് ഇല്ലായിരൂന്നു. തിന്നും, കുടിച്ചും, കളിച്ചും, അടി
കൂടിയും അവര്‍ നടന്നു . (ഇവിടെ ഓര്ക്കേണ്ട ഒരു കാര്യം, ഭിന്ന ലിംഗക്കാരെ
നാം കളിയാക്കരുത്. നമ്മുടെ പരമ്പരയുടെ ആദ്യ കണ്ണി അവരാണ്). കാലം കുറെ
കഴിഞ്ഞപ്പോള്‍ ഇവര്ക്ക് ജീവിതം തന്നെ വല്ലാതെ ബോറടിക്കുന്നതായി തോന്നി.
ലഹരി മരുന്നോ, പേരിനു ഒരു കഞ്ചാവ് കൃഷിയോ ഒന്നും ഉണ്ടായിരുന്നില്ല. ഹവ്വ
എപ്പോഴും നമ്മുടെ ഫേസ് ബുക്ക് ചാറ്റികളെ പോലെ ‘ബോറടിക്കുന്നെടാ” എന്ന്
പറയാന്‍ തുടങ്ങി. തിന്നുക, കുടിക്കുക , വിസര്ജ്ജി ക്കുക എന്നല്ലാതെ വേറെ
പണി ഒന്നും ഇല്ലായിരുന്നല്ലോ. അന്നാണെങ്കില്‍ ഫേസ് ബുക്ക് പോലും ഇല്ല.
പേരിന് ഒരു രാഷ്ട്രീയ പാര്ട്ടിപോലും ഇല്ലാത്ത കാലം. അല്ലെങ്കില്‍ ബജറ്റ്
കാണിച്ചെങ്കിലും ബോറടി മാറ്റാമായിരുന്നു. അല്ലെങ്കില്‍ ഇതര ജീവജാലങ്ങളെ
കൂട്ടി ഒരു സമരമോ ഹര്ത്താലോ എങ്കിലും സംഘടിപ്പിച്ചു നാല് മുദ്രാവാക്യം
വിളിച്ചു നമ്മുടെ നേതാക്കളെ പോലെ സമയം കൊല്ലാമായിരുന്നു ! അതും പോട്ടെ.
നേരം പോക്കാന്‍ ഒരു ചുംബന സമരം പോലും ഇല്ലാത്ത കാലം !
ഒരു ദിവസം ആ
വഴിക്ക് വന്ന പടച്ചവനോട് ഇവര്‍ സങ്കടം ബോധിപ്പിച്ചു. യാ റബ്ബേ.. സംഗതി വളരെ
മോശം.. ഇവിടെ ഒറ്റക്ക് ഇരുന്നു മടുത്തു . ഒന്നുകില്‍ വല്ല പണിയും താ.
അല്ലെങ്കില്‍, ഞങ്ങളെയും കൂടി സ്വര്ഗ്ഗ്ത്തില്‍ കൊണ്ട് പോ. പടച്ചോന്‍ ഒരു
നിമിഷം ആലോചിച്ചു. ഇവരെ സ്വര്ഗ്ഗത്തില്‍ കൊണ്ട് പോയാല്‍ ഇവര്‍ തനിക്ക് പണി
തരും. പണ്ട് ഇബിലീസിനെ ഉണ്ടാക്കിയ പോലെ ഇരിക്കും. പടച്ചോന്‍ ആണെന്ന് കരുതി
അബദ്ധം എപ്പോഴും ചെയ്‌താല്‍ ആളുകള്‍ കളിയാക്കില്ലെ ! പിന്നെയും പണി കിട്ടി
അല്ലെ, എന്ന് ചോദിക്കില്ലേ ! അത് വേണ്ട.
പടച്ചവന്‍ പറഞ്ഞു: ഒരു
കാര്യം ചെയ്യാം. ഞാന്‍ നിങ്ങള്ക്ക് ലോകത്ത് ഏറ്റവും വലിയ വിനോദത്തിനു ഉള്ള
ഒരു സൂത്രം ഒപ്പിച്ചു തരാം. അതിന്റെേ പേരാണ് സെക്സ്. ഭക്ഷണം കഴിക്കുക.
സെക്സില്‍ ഏര്പ്പെടുക . വിശ്രമിക്കുക. വീണ്ടും ഭക്ഷണം... സെക്സ് ..ഭക്ഷണം..
സെക്സ്...അപ്പോള്‍ ഈ ബോറടി ഉണ്ടാകില്ല.
അങ്ങിനെ ദൈവം
രണ്ടെണ്ണത്തിനെയും കൂട്ടി മക്കയിലേക്ക് പോയി. വേണമെങ്കില്‍ ആദ്യത്തെ ഹജ്ജ്
എന്ന് ഇത് തിരുത്തി വായിക്കാം എന്ന് ഉസ്താദ് പറയുന്നുണ്ട്. അത് വേണ്ട.
അപ്പോള്‍ എല്ലാം തിരുത്തേണ്ടി വരും!
അവിടെ വെച്ച്
രണ്ടെണ്ണത്തിനെയും ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റി. കൂട്ടത്തില്‍ അല്പം
വികൃതി കൂടുതല്‍ ഉള്ള ഹവ്വയുടെ ഗുഹ്യഭാഗത്ത് നിന്ന് ഒരു കഷ്ണം മാംസം
മുറിച്ചെടുത്തു. അത് മറ്റവന്റെ അതെ സ്ഥാനത്ത് വെച്ച് പിടിപ്പിച്ചു.
അപ്പോള്‍ ഒരാള്ക്ക് ഒരു ദ്വാരവും, ഒരാള്ക്ക് ഒരു മാംസപിണ്ഡവും. അതിനു
ജനനേന്ദ്രിയം എന്ന പേരും നല്കി (അശ്ലീലം എന്നൊന്നും മുറവിളി കൂട്ടേണ്ട.
അനാട്ടമി.വെറും അനാട്ടമി) ഒന്നിനു പെണ്ണ് എന്നും, മറ്റേതിനെ ആണ് എന്നും
വിളിച്ചു. ബാക്കി ഉണ്ടായിരുന്ന മാംസം സ്ത്രീയുടെ നെഞ്ചില്‍ വെച്ച്
പിടിപ്പിച്ചു. പടച്ചോന്‍ ക്ലോസപ്പില്‍ ഒന്ന് നോക്കി. സെല്ഫി എടുത്ത്
നോക്കി. അറുബോ ര്‍ . ഒരു ചേര്ച്ചയും ഇല്ല. ഛീ.. ഒറ്റ മുലച്ചി എന്ന് വികൃതി
പിള്ളേര്‍ വിളിക്കും. അത് വേണ്ട. ഒന്ന് രണ്ടാക്കി കൊടുത്തു. ബാക്കിയുള്ള
പൊട്ടും പൊടിയും എടുത്ത്, പുരുഷുവിന്‍റെ ജനനേന്ദ്രിയത്തിന് ഒരു തൊപ്പിയും
ഉണ്ടാക്കി. മുറിവ് ഉണങ്ങുമ്പോള്‍ മുറിച്ചു കളയണം എന്ന വ്യവസ്ഥയില്‍.
വല്ലാതെ സെന്സിറ്റീവ് ആയ അഗ്രഭാഗം ഈച്ച വന്നു ശല്യം ചെയ്യാതിരിക്കാന്‍ ആണ്
.. എന്നാല്‍, നോക്കൂ, മുറിവ് ഉണങ്ങിയിട്ടും, എത്രയോ തലമുറകള്‍
കഴിഞ്ഞിട്ടും ഇവിടെ ചിലര്‍ ആ തൊപ്പി മുറിച്ചു മാറ്റാതെ ഒരു നാണവും ഇല്ലാതെ
നടക്കുന്നു. ഹറാമിക ള്‍ എന്നല്ലാതെ എന്ത് പറയാന്‍!
പിന്നീട്
പടച്ചോന്‍ രണ്ടു പേരുടെയും തലയില്‍ വെള്ളം മന്ത്രിച്ചൂതി തെളിച്ചു.
അവര്ക്ക് അന്യോന്യം കലശലായ അനുരാഗം ഉണ്ടായി. ആദ്യാനുരാഗം. നോട്ട് ദ
പോയിന്റ് ! ആപ്പിളിന്‍റെയും, സാത്താന്‍റെയും, പാമ്പിന്‍റെയും തിയറി ഇവിടെ
പൊളിയുക ആണ്.
അപ്പോള്‍ സംഗതി വ്യക്തം. ഇതാണ്
ഉസ്താദിന്‍റെ തിയറി. സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് നിന്ന് കുറെ മാംസം
നഷ്ടപ്പെട്ടിരിക്കുന്നു. അതിന്‍റെ ഗുണഭോക്താവ് പുരുഷന്‍ ആണ്. അതിനാല്‍,
സ്ത്രീ പുരുഷനെക്കാളും എന്തോ കുറവുള്ളവള്‍ തന്നെ! ആരാ കുറവ് വരുത്തിയത്?
പടച്ചവന്‍. അതിനാല്‍, അതിനെ ചോദ്യം ചെയ്ത് സ്ത്രീയും പുരുഷനും തുല്യരാണ്
എന്ന് വാദിക്കുന്നത് പടച്ചോന് നിരക്കാത്ത കാര്യം ആണ്! സ്ത്രീക്ക്
കുറവുണ്ട്. അതാണ് തിയറി ! മാത്രമല്ലോ, വികാരം ഉണ്ടാക്കി കൊടുത്തപ്പോള്‍,
ഹവ്വ പടച്ചോനെ കെട്ടി പിടിച്ചു ഉമ്മ കൊടുത്ത് കൊണ്ട് പറഞ്ഞു : താങ്ക്യൂ ഡാ
എന്ന്. അപ്പോള്‍ പടച്ചോന്‍ പറഞ്ഞു പിന്നെ ഒരു കാര്യം. നിന്‍റെ ജോലി പെറ്റ്
കൂട്ടുക ആണു. എനിക്ക് പണ്ടത്തെ പോലെ എപ്പോഴും വന്നു ഈ അച്ചില്‍ വാര്‍ത്ത്
തരാന്‍ പറ്റില്ല. അതിനാല്‍ നീ പേറു മുടക്കരുത്. അതാണു നിന്‍റെ പണി !
നോക്കണം, സഖാക്കളെ, അതാണ് ഈ ഹറാം പെറന്നവര്‍ തിരുത്തുന്നത്! സമത്വം
വേണമത്രേ! അന്ന് ഹവ്വ തന്ന വാക്കിനു വിരുദ്ധം ആണിത്! പടച്ചോന് നിരക്കാത്ത
കാര്യം!
ഇവിടെ വേറൊരു പ്രശ്നം ഉണ്ട്. ജിജി തോംസനെ പോലുള്ള
സുവിശേഷക്കാര്ക്ക് പണിയായി. കിത്താബില്‍ ചെറിയ തിരുത്തല്‍ വരുത്തണം. അത്
അനുസരിച്ച് സുവിശേഷം വീണ്ടും കാണാപാഠം പഠിക്കണം. പുതിയ പതിപ്പില്‍ ആദവും ,
ഹവ്വയും, ആപ്പിളും, സാത്താനും ഒന്ന് ഉണ്ടാകില്ല. സാത്താന്‍റെ പണിയും കൂടെ
പടച്ചോന്‍ ആണ് ചെയ്തത് എന്ന ഒരു തിരുത്ത് വരുത്തണം ! ആദ്യം ഭൂമി, പിന്നെ
ആകാശം, പിന്നെ മനുഷ്യന്‍, അത് കഴിഞ്ഞു സ്റ്റഡി ലീവ് എന്നൊന്നും പറഞ്ഞു
നടക്കരുത്. ശാസ്ത്രജ്ഞരും വെറുതെ ഇരിക്കേണ്ട. ഉല്പത്തിയെ കുറിച്ചുള്ള എല്ലാ
നിഗമനങ്ങളും തിരുത്തണം. നിങ്ങള്‍ പറയുന്നപോലെ ബിഗ് ബാംഗ്, തേങ്ങാക്കുല,
വെള്ളം, അമീബിയ, നരവംശം, ഡാര്‍വിന്‍, കുരങ്ങ്, ചന്ദനത്തിരി, കരിക്കിന്‍
വെള്ളം എന്നൊന്നും പറഞ്ഞു മേലില്‍ ആളുകളെ പറ്റിക്കാന്‍ ഇറങ്ങരുത്!