Wednesday, November 9, 2011

ഉണക്കമീനും പൊടിയരിക്കഞ്ഞിയും

രംഗം ഒന്ന് പണ്ടൊരു ജഡ്ജിയേമാന്‍ ഉണക്കമീന്‍ വാങ്ങാന്‍ കുശ്നിക്കാരന്‍ രാമനെ ചന്തക്കു വിട്ടു. മണി പന്ത്രണ്ടായിട്ടും രാമന്‍ വന്നില്ല. രാമന്‍ ഒരു പ്രകടനത്തില്‍ പെട്ടു. പെട്ടതല്ല, പ്രകടനം കണ്ടു ആവേശം മൂത്ത് രാമന്‍ നോക്കി നിന്നതാണ്. പക്ഷെ ജഡ്ജിയുടെ തെറിപൂരം കേള്‍ക്കാണ്ടിരിക്കാന്‍ പ്രകടനമായിരുന്നു, വഴി ബ്ലോക്കായിരുന്നു എന്ന് രാമന്‍ കള്ളം പറഞ്ഞു. ജഡ്ജിക്ക് ഹാലിളകി, മണി പന്ത്രണ്ടായി. സുപ്രധാനമായ പല വിധികളും വായിക്കേണ്ടതാണ്. പക്ഷെ, ഉണക്കമീനും ചമ്മന്തിയും കൂട്ടി പൊടിയരിക്കഞ്ഞി കുടിക്കാതെ കോടതിയില്‍ പോയിട്ടില്ല. വിധിയെഴുതാനും വാദം കേള്‍ക്കാനും ഒരു മൂഡ് വരില്ല. ഇപ്പോള്‍, പന്ത്രണ്ടായി. ഊണ് കഴിക്കാറായി. ഇനിയെങ്ങിനെ കഞ്ഞി കുടിക്കും? ജഡ്ജി കയ്യില്‍ കിട്ടിയ ചമ്മട്ടി രാമന്റെ മുതുകത്ത്‌ ചാര്‍ത്തി അരിശം തീര്‍ത്തു . അന്ന് ഒരു കാര്യം മനസ്സില്‍ കണക്ക് കൂട്ടി. ഈ വഴിയോരത്തെ പ്രകടനവും, പൊതുയോഗവും നിര്‍ത്തിയിട്ടു തന്നെ കാര്യം. അറിയാവുന്ന നിയമ വിദഗ്ധരെയും ജഡ്ജിമാരെയും, വക്കീലന്മാരെയും, ഗുമസ്തരെയും, സാക്ഷിത്തോഴിലാളികളെയും വിളിച്ചു. ഈ പ്രകടനോം, പോതുയോഗോം അങ്ങട്ടു നിരോധിച്ചാലെന്താ? പക്ഷെ, ചോദിച്ചവരാരും അനുകൂലിച്ചില്ല. അത് പൌരാവകാശ ലംഘനമാകും. നിയമക്കുടുക്കില്‍ പെടും, ആളുകള്‍ കാരണം തിരക്കും. അപ്പോള്‍, രാമന്‍ ഉണക്കമീന്‍ വാങ്ങാന്‍ പോയിട്ട് വരാന്‍ വൈകി എന്ന് പറഞ്ഞാല്‍ ആളുകള്‍ ചിരിക്കില്ലേ? കളിയാക്കില്ലേ? നാണം കെടില്ലേ? ജഡ്ജി കൂട്ടുകാരുടെ വിവരക്കേടില്‍ മനം നൊന്തു, സങ്കടം സഹിക്കാതെ, എല്ലാവരെയും പ്രാകിപ്പറഞ്ഞു തല ചൊറിഞ്ഞു. രംഗം രണ്ട്: ജഡ്ജിയേമാന്‍റെ മാഡത്തിന്‍റെ ക്ലബ്ബി ല്‍ തെരഞ്ഞെടുപ്പ്‌. മാഡം പ്രസിഡണ്ട് പദവിക്ക്‌ മത്സരിക്കുന്നു. അന്നും പാതയോരത്ത്‌ പൊതുയോഗം. മാഡത്തിനു സമയത്തിനു ക്ലബ്ബില്‍ എത്താനായില്ല. മാഡം പുറത്ത്‌. ജഡ്ജിയേമാനു പൊതിരെ കിട്ടി. ജഡ്ജിയാണെന്ന് പറഞ്ഞു നടന്നിട്ടെന്തു കാര്യം? ഈ പൊതുയോഗം നിരോധിക്കാന്‍ കഴിയാത്ത എന്ത് ജഡ്ജി. ജഡ്ജിക്ക് അത്താഴം കൊടുക്കേണ്ടെന്ന് കുടുംബ കോടതി വിധി. അന്നും ജഡ്ജിയേമാന്‍ കിട്ടുന്നവരെയൊക്കെ വിളിച്ചു. അന്തിപ്പഷ്ണിയാണ്. പൊതുയോഗം നിരോധിക്കണം. മാഡം നാണം കെട്ടിരിക്കുന്നു. ജഡ്ജിയുടെ ഭാര്യയാണെന്ന മേല്‍വിലാസത്തിലാണ് മത്സരിച്ചത്. അടുത്ത കൊല്ലം പെന്ഷന്‍‍ പറ്റും . പിന്നെ മാഡത്തിനു ജഡ്ജിയുടെ ഭാര്യയെന്ന പേരുണ്ടാകുമോ? പ്രസിഡണ്ടാകാ ന്‍ പറ്റുമോ? ചതിയല്ലേ? ആരും സപ്പോര്ട്ട് ചെയ്തില്ല. മാഡം പ്രസിഡണ്ടായില്ലെന്കില്‍ ആകാശമൊന്നും ഇടിഞ്ഞു വീഴില്ലെന്ന് വിവര ദോഷിക ള്‍ പറഞ്ഞത്രേ. അങ്ങിനെ ജഡ്ജിയേമാന്‍ പെന്‍ഷന്‍‍ പറ്റി. രംഗം മൂന്ന് ജഡ്ജി വേറെ പണിയൊന്നും ഇല്ലാത്തിനാല്‍ ഈവനിംഗ് വാക്കിനിറങ്ങി. ആരോഗ്യത്തിനു നല്ലതാണെന്ന് മാഡം പറഞ്ഞിട്ടുണ്ട്. സൌകര്യമായി മാഡത്തിനു സീരിയല്‍ കാണാനാണെന്ന് ഏമാനറിയാം. കുടുംബ വഴക്കൊഴിവാക്കാന്‍ ജഡ്ജി ആരോഗ്യം വര്ദ്ധി പ്പിച്ചു. അപ്പോഴാണു വീണ്ടും പാതയോരം. ജഡ്ജി വീട്ടിലെത്താന്‍ വൈകി. സീരിയല്‍ കഴിഞ്ഞു മാഡം കലി പൂണ്ടിരുന്നു. മനുഷ്യാ കോടതിയില്‍ ഒരു പെറ്റീഷന്‍ കൊടുക്ക്‌. നിരോധിക്കാന്‍. വല്ല്യ കൊമ്പത്തെ ജഡ്ജിയാണെന്ന് പറഞ്ഞു നടന്നിട്ടെന്തു കാര്യം. ഒരു വിധി പുറപ്പെടുവിക്കാന്‍ പറ്റിയോ? ആമ്പിള്ളോരെങ്കിലും വല്ലതും ചെയ്യട്ടെ. ജഡ്ജിയേമാന്‍ വീണ്ടും വിളിച്ചു. ഫലം തഥൈവ. രംഗം നാല് ജഡ്ജിയെമാന്റെ വീട്ടിലെ പട്ടിക്ക് വയറിളക്കം. മാഡം പട്ടിയെയും കൊണ്ട് ഡോക്ടറെ കാണാനിറങ്ങി. വീണ്ടും പൊതുയോഗം. പട്ടി മാടത്തിന്റെ അന്പതിനായിരം രൂപ വിലയുള്ള സാരിയില്‍ കാര്യം സാധിച്ചു. മാഡത്തിനു വീണ്ടും കലിയിളകി. ജഡ്ജിയേമാനെ വിളിച്ചു. എന്റെ് പട്ടിക്കെന്തെങ്കിലും പറ്റിയാല്‍ നിങ്ങളെ ഞാന്‍ കൊല്ലും. പൊതുയോഗം നിരോധിക്കാന്‍ പറ. എനിക്ക് ക്ലബ്ബില്‍ ഉടുക്കാന്‍ പറ്റിയ ഒരു സാരിയും ഞാന്‍ വരുന്നതിന്‍ മുന്‍പേ വാങ്ങി വെക്ക്. ആപ്പ ഊപ്പയൊന്നും വേണ്ടാ. കബ്ലിലുടുക്കാനുള്ളതാ. നമ്മുടെ സ്റ്റാറ്റ്സ്സിനൊത്ത, ചുരുങ്ങിതു ഒരു വൊണ്‍ ലാഖ് .ജഡ്ജിയേമാന്‍ വീണ്ടും വിളിച്ചു. ആരും ഗൌനിച്ചില്ല. ജഡ്ജിയേമാന്‍ മരണം കാത്തു കിടന്നു. മാഡത്തിന്‍റെ കൈ കൊണ്ടുള്ള ദയാവധം. രംഗം അഞ്ച് മാഡം കബ്ബില്‍ നിന്ന് വന്നപ്പോള്‍ ജഡ്ജിയേമാന്‍ തുള്ളിച്ചാടുന്നു. കൊച്ചു കുട്ടികളെപ്പോലെ. ബ്രേക്ക് ഡാന്‍സ് പോലെ, മൈക്കിള്‍ ജാക്സനെപ്പോലെ, ഭ്രാന്തനെപ്പോലെ, വെകിളി പിടിച്ചപോലെ. മാഡം സന്തോഷിച്ചു. ഒരു ശല്ലൃം ഒഴിവായല്ലോ. പക്ഷെ, മാഡം പ്രതീക്ഷിക്കാതെ മാഡത്തിനെ ചുറ്റിഎടുത്ത്‌ വീശിക്കൊണ്ട് ഏമാന്‍ തുള്ളിച്ചാടി. ഞാന്‍ ജയിച്ചെടി. നിന്‍റെ ചിരകാലാഭിലാഷം സാധിച്ചു തന്നെടി. മാഡം കരുതി പണ്ടെങ്ങോ ഒരു കോണ്ട്രാക്ടരുരടെ കേസ്സ് വന്നപ്പോള്‍ അമേരിക്കയില്‍ പോകാന്‍ കൊതി പറഞ്ഞിരുന്നു. അതെങ്ങാനും ശരിയായിക്കാണുമെന്നു കരുതി ചോദിച്ചു “എന്നാ പോകുന്നത്” “പോകുന്നതോ” ഏമാന്‍റെ മറുചോദ്യം. അതല്ലെടി. പൊതുയോഗം നിരോധിച്ചു. നിന്‍റെ ചിരകാലാഭിലാഷം പൂവണിയുന്നു. ഒരു സീനയര്‍ ജഡ്ജ് പൊതുയോഗം നിരോധിച്ചു. സന്തോഷിക്കെടി, സന്തോഷിക്ക്. നമുക്കിന്നു പുറത്ത്‌ പോയി ഡിന്നര്‍ കഴിക്കാം. മാഡം: തനിയെ അങ്ങ് പോയാല്‍ മതി. ഇപ്പൊഴേ കണ്ടുള്ളൂ പൊതുയോഗം നിരോധിക്കാന്‍. നാളെ ഞങ്ങളുടെ ക്ലബ്ബിന്റെ അവകാശ സമരവും പൊതു സമ്മേളനവുമാ. എം.ജി റോഡില്‍. അതെങ്ങാനും നിരോധിക്കാന്‍ വന്നാല്‍......

No comments:

Post a Comment